'8356 രൂപയ്ക്ക് വേടൻ ട്രെയിൻ ടിക്കറ്റെടുപ്പിച്ചു, ടോക്‌സിക് റിലേഷനെന്ന് പറഞ്ഞ് മാനസികമായി തകർത്തു'

കൊച്ചി: റാപ്പര്‍ വേടനെതിരേ (ഹിരണ്‍ദാസ് മുരളി) യുവ വനിതാഡോക്ടര്‍ നല്‍കിയ ബലാത്സംഗ പരാതിയിലുള്ളത് ഗുരുതര ആരോപണങ്ങള്‍. വേടന്‍ തന്നെ ദുരുപയോഗപ്പെടുത്തുകയാണെന്ന് മനസിലാക്കിയത് വളരെ വൈകിയാണെന്നും താനുമായി ഉണ്ടായിരുന്നത് ടോക്‌സിക് റിലേഷനാണെന്നുപറഞ്ഞ് തന്നെ മാനസികമായും തകര്‍ക്കുകയായിരുന്നു വേടന്റെ ലക്ഷ്യമെന്നും യുവഡോക്ടര്‍ പരാതിയില്‍ പറഞ്ഞു.
കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചതായാണ് യുവഡോക്ടറുടെ പരാതി. വര്‍ഷങ്ങളോളം തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്‌തെന്നും യുവതി ആരോപിക്കുന്നു.
ആദ്യമായി തന്നെ ചുംബിച്ചതുപോലും അനുവാദമില്ലാതെയാണ്. ആദ്യം താനുമായി ലൈംഗികബന്ധം ഉണ്ടായതും അത്തരത്തിലായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. വേടന്റെ പാട്ടുകളോടും നിലപാടുകളോടും തോന്നിയ ആരാധനയെ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ടത്. 2021 ഓഗസ്റ്റില്‍ കോഴിക്കോട് താന്‍ താമസിച്ചിരുന്ന സ്ഥലത്ത് വേടന്‍ വന്നു. അവിടെ അന്ന് തറയില്‍ ഒരു ബെഡ് ഇട്ടാണ് ഇരുന്നത്. അവിടെവെച്ച് തന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയും അതിനിടയിൽ അനുമതിയില്ലാതെ തന്നെ ചുംബിക്കുകയുമായിരുന്നു. പിന്നീട് ബലാത്സംഗം ചെയ്തു. മൂന്നുദിവസം തന്നോടൊപ്പം വേടന്‍ അവിടെ താമസിച്ചു. പിന്നീട് കൊച്ചിയിലും ഏലൂരിലുംവെച്ചും പീഡനം തുടര്‍ന്നു.
2023 ജൂലൈ മാസത്തില്‍ വേടന്‍ കൊച്ചിയിലെ പരിപാടി കഴിഞ്ഞ് തന്റെ താമസ സ്ഥലത്ത് എത്തുകയും തനിക്ക് വേറെയും ബന്ധങ്ങള്‍ ഉണ്ടെന്നും ബന്ധങ്ങള്‍ക്ക് നീ ഒരു തടസ്സമാണെന്നും പറഞ്ഞു. വളരെ ടോക്‌സിക് ആയ റിലേഷന്‍ഷിപ്പ് ആണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ മുമ്പില്‍നിന്ന് വേടന്‍ ഇറങ്ങിപ്പോയത്. ഇതിനുശേഷം തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും വേടന്‍ വന്നില്ല. ഇതിനുപിന്നാലെ താന്‍ വളരെ വിഷാദത്തിലായെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പിന്നീട് വേടന്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറയുകയും ആ ഘട്ടത്തിലാണ് അന്ന് തന്നെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മനസിലായതെന്നും പരാതിയിലുണ്ട്.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ഒഴിവാക്കി പോവുകയാണ് ചെയ്തത്. തന്നെ ടോക്‌സിക്കാണെന്ന് പറഞ്ഞ് മാനസികമായി കൂടി തകര്‍ക്കുകയായിരുന്നു വേടന്റെ ലക്ഷ്യം. താന്‍ കടന്നുപോയ മാനസികസമ്മര്‍ദത്തിന്റെയും അനുഭവിച്ച വിഷാദത്തിന്റെയും പശ്ചാത്തലത്തിലാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും യുവഡോക്ടര്‍ പറയുന്നു.
2021 ഡിസംബറില്‍ പാട്ട് റിലീസ് ചെയ്യാന്‍ പൈസ വേണം എന്ന് ആവശ്യപ്പെടുകയും പതിനായിരം രൂപ കൊടുക്കുകയും ചെയ്തു. ഡിസംബര്‍ 19-ന് വീണ്ടും കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു. അന്ന് 5000 രൂപയും കൊടുത്തു. 2021- 23 കാലഘട്ടത്തില്‍ ഏതാണ്ട് പതിനാറായിരത്തോളം രൂപ നല്‍കി. ഇത്തരത്തില്‍ പലപ്പോഴായി വേടന്‍ 31000 രൂപ വാങ്ങിയിട്ടുണ്ട്. ഈ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും പരാതിയുടെ ഭാഗമായി യുവതി നല്‍കിയിട്ടുണ്ട്. കൂടാതെ 8356 രൂപയ്ക്ക് വേടന് പലപ്പോഴായി ട്രെയിന്‍ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.
Content Highlights: A young doctor has accused rapper Vedan of sexual assault, financial exploitation