വനിതാ ഡോക്ടറുടെ പീഡന പരാതി; പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ കേസ്, അന്വേഷണം ക്രൈംബ്രാഞ്ചിന്

Screengrab: Mathrubhumi News
Screengrab: Mathrubhumi News

തിരുവനന്തപുരം: പോലീസ് ഇന്‍സ്പെക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതി റൂറല്‍ പോലീസിലെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡോക്ടറുടെ പരാതിയില്‍ മലയിന്‍കീഴ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഭീഷണിപ്പെടുത്തിയതിനും ബലാത്സംഗത്തിനുമാണ് കേസെടുത്തിട്ടുള്ളത്.

മലയിന്‍കീഴ് സി.ഐ. എ.വി.സൈജുവിനെതിരേയാണ് കേസ്. വനിതാ ഡോക്ടര്‍ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം റൂറല്‍ എസ്.പി. ഓഫീസില്‍ വച്ച് പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. ജില്ലാ ക്രൈം ബ്രാഞ്ച് ചുമതലയുള്ള ഡിവൈ.എസ്.പി. സുല്‍ഫിക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

2019ല്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കട ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്‍സ്പെക്ടറെ ഡോക്ടര്‍ പരിചയപ്പെട്ടത്. ഈ പരിചയം മുതലാക്കി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. പിന്നീട് വധഭീഷണി മുഴക്കിയെന്നും ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പോലീസ് അസോസിയേഷന്‍ ജില്ലാ റൂറല്‍ പ്രസിഡന്റാണ് സൈജു.

Content Highlights: rape complaint filed by woman doctor against malayinkeezhu ci crime branch will investigate