എറണാകുളത്ത് ബലാത്സംഗം, പിന്നാലെ മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട്ടേക്ക്; കൈയിൽ എയർപിസ്റ്റളും കത്തിയും

കോഴിക്കോട്: മധ്യവയസ്‌കയെ ബലാത്സംഗംചെയ്ത കേസിലെ പ്രതി കോഴിക്കോട്ട് അറസ്റ്റില്‍. എസ്.ഐ. സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസാണ് ആലപ്പുഴ തിരുമല ഭാഗം കളത്തില്‍ ഹൗസില്‍ വിഷ്ണു ശ്രീകുമാറിനെ (33) തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ പരിധിയില്‍ ബലാത്സംഗക്കേസും ഇരുചക്രവാഹന മോഷണക്കേസും അടക്കം പല സ്റ്റേഷനുകളിലായി പന്ത്രണ്ടോളം മോഷണക്കേസുകളില്‍ പ്രതിയാണ്.
ഒക്ടോബര്‍ 28-നാണ് ഇയാള്‍ മധ്യവയസ്‌കയെ ബലാത്സംഗം ചെയ്തത്. നവംബര്‍ ഏഴിന് ഇരുചക്രവാഹനം കവര്‍ന്ന് കോഴിക്കോട്ടേക്ക് വന്നു. ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ഹോട്ടലില്‍വെച്ച് പരിചയപ്പെട്ട പ്ലസ്ടു വിദ്യര്‍ഥിയെ ബീച്ചിലേക്കുള്ള യാത്രാമധ്യേ കബളിപ്പിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. വിഷ്ണുവിനെ നഗരത്തിലെ ലോഡ്ജില്‍വെച്ചാണ് പോലീസ് സാഹസികമായി പിടികൂടിയത്. വിശദമായി ചോദ്യംചെയ്തപ്പോഴാണ് മറ്റ് പല കേസുകളിലും പ്രതിയാണെന്ന കാര്യം പോലീസിന് വ്യക്തമായത്.
പ്രതിയുടെ കൈയില്‍നിന്ന് എയര്‍ പിസ്റ്റള്‍, കത്തി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍, മോഷണംപോയ മൊബൈല്‍ ഫോണ്‍, ഇരുചക്രവാഹനം എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വ്യാജനമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് ഇയാള്‍ വാഹനം ഉപയോഗിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സി.പി.ഒ.മാരായ വിജീഷ്, ബിനില്‍ കുമാര്‍, സി.പി.ഒ.മാരായ ഹരീഷ്, അരുണ്‍കുമാര്‍, ലിജീഷ്, രാഗേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: rape case accused arrested in snatching case kozhikode