നീന്തലറിയാത്ത വിദ്യാർഥിനികൾക്കൊപ്പം നിരോധനമുള്ള അണക്കെട്ടിൽ കുളി; സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

#ന്യൂസ് ഡെസ്ക്
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ നിന്നുള്ള ദൃശ്യം
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ നിന്നുള്ള ദൃശ്യം

ജയ്പുർ: പ്രവേശനത്തിന് വിലക്കുള്ള അണക്കെട്ടിൽ സ്‌കൂൾ വിദ്യാർഥിനികൾക്കൊപ്പം കുളിക്കാനിറങ്ങിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. രാജസ്ഥാനിലെ അൽവാർ ജില്ലയിലുള്ള ഒരു സർക്കാർ സ്‌കൂൾ പ്രിൻസിപ്പലായ ലാൽ ചന്ദ് മീണയെ ആണ് അധികൃതർ ഇടപെട്ട് സസ്‌പെൻഡ് ചെയ്തത്.

അപകട സാധ്യതയെ തുടർന്ന് പ്രവേശന വിലക്കേർപ്പെടുത്തിയ അണക്കെട്ടിൽ അദ്ദേഹം കുളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും രക്ഷിതാക്കളുടെ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. മുൻപ് മുങ്ങിമരണങ്ങൾ ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ നാല് വർഷമായി ഇവിടെ ഇറങ്ങുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഏകദേശം 11 അടി വെള്ളമുണ്ടായിരുന്ന അണക്കെട്ടിലേക്ക് ലൈഫ് ജാക്കറ്റുകളോ മറ്റ് സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെയാണ് നീന്താൻ അറിയാത്ത കുട്ടികളെപ്പോലും ഇദ്ദേഹം ഇറക്കിയത്.

ഓഗസ്ത് 15-നായിരുന്നു സംഭവം. തനാഗാസി മേഖലയിലെ സ്‌കൂളിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള അണക്കെട്ടിലേക്ക് 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഇരുന്നൂറിലധികം വിദ്യാർഥികളെയാണ് പ്രിൻസിപ്പൽ കൊണ്ടുപോയത്. നിരവധി പെൺകുട്ടികളും സംഘത്തിലുണ്ടായിരുന്നു.

ഇദ്ദേഹത്തെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു. അധികാര ദുരുപയോഗം നടത്തി വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് ഇദ്ദേഹത്തെ അടിയന്തരമായി സസ്‌പെൻഡ് ചെയ്തത്. കൂടാതെ തനാഗാസി പൊലീസ് ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

Content Highlights: A government school principal in Alwar, Rajasthan, was suspended for taking students to a banned dam., Over 200 students from classes 9 to 12 were taken to the dam without life jackets or safety precautions., The incident occurred on August 15 and sparked massive outrage among parents after videos went viral., Departmental inquiry and police investigation have been initiated against the principal.