‘തലസ്ഥാനത്തെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി, പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി’: രാഹുലിനെതിരെ FIR-ൽ ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് അതീവ ഗൗരവമുള്ള വകുപ്പുകൾ. ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയിൽ പറയുന്നത്.
ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
2025 മെയ് 30-നാണ് ഈ സംഭവം നടന്നത്. രാഹുലിന്റെ സുഹൃത്ത് ഗുളികയുമായി തിരുവനന്തപുരത്ത് എത്തി. കൈമനത്ത് വെച്ച് ഒരു ചുവന്ന കാറിൽ കയറ്റി ഗുളിക കഴിപ്പിച്ചു. ഈ സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ വീഡിയോ കോളിലൂടെ ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തി.
രാഹുൽ മാങ്കൂട്ടത്തലിനെതിരെ എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ ആറ് വകുപ്പുകളും ജീവപര്യന്തം കഠിനതടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പ്രധാനമായും ബലാത്സംഗം, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തൽ, മർദ്ദനം, വീടുകയറി ആക്രമിക്കൽ, ഐ.ടി. ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ, വിശ്വാസവഞ്ചന എന്നിവയാണ് ചുമത്തിയിട്ടുള്ളത്.
തിരുവനന്തപുരം റൂറൽ എസ്.പി.യുടെ നേതൃത്വത്തിലാണ് ഏകദേശം അഞ്ചര മണിക്കൂർ എടുത്താണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. 20 പേജുള്ള ഈ മൊഴിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് വലിയമല പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും, കേസ് പിന്നീട് തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
ഗുരുതര വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഏതെങ്കിലും വിമാനത്താവളങ്ങൾ വഴി രാജ്യം വിടാൻ ശ്രമിക്കുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ, ബ്യൂറോ ഓഫ് എമിഗ്രേഷന് കത്തയച്ചുകൊണ്ട് രാജ്യത്തുള്ള എല്ലാ എയർപോർട്ടുകളിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടയിൽ, രാഹുൽ കൊച്ചിയിൽ എത്തിയിട്ടുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് അവിടെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Content Highlights: Shocking details from Rahul Mamkootathil FIR: Allegations of rape, blackmail, and forced abortion at a Thiruvananthapuram flat. FIR reveals graphic accusations.