റാഗിങ്ങിന് സസ്പെൻഷനിലായി,കൗൺസിലിങ് കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും റാഗിങ്; +2 വിദ്യാർഥികൾക്കെതിരെ പരാതി

കോഴിക്കോട്: സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്നും മര്‍ദനമേറ്റതായി പരാതി. ഇവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നും ഒന്നരമാസത്തോളമായി ഇവരില്‍നിന്നും ഉപദ്രവം ഏല്‍ക്കേണ്ടി വരുന്നുണ്ടെന്നും റാഗിങ്ങിനിരയായ വിദ്യാര്‍ഥി പറയുന്നു. അധ്യാപകരോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും ആരോപണമുണ്ട്.
സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈയ്ക്ക് സാരമായ പരുക്കേറ്റു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥി സ്‌കൂളിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഒന്നര മാസത്തോളമായി സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ റാഗിങ്ങിന് ഇരയാക്കുകയാണ് എന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പരാതി.
യൂണിഫോം ഷര്‍ട്ടിന്റെ മുഴുവന്‍ ബട്ടണും ഇടണമെന്ന് പറഞ്ഞായിരുന്നു ആദ്യം റാഗിങ്. പിന്നീട്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങരുതെന്ന് ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാമില്‍ ചിത്രമിട്ടപ്പോള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടായി പിന്നീട് ഉപദ്രവം. പറ്റില്ലെന്ന് പറഞ്ഞതോടെ സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
മറ്റൊരു വിദ്യാര്‍ഥിയെ റാഗ് ചെയ്തിന് സസ്‌പെന്‍ഷനില്‍ ആയിരുന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് ഇപ്പോഴും റാഗിങ്ങിന് നേതൃത്വം നല്‍കിയിരിക്കുന്നത് എന്ന് പരാതിക്കാരനായ വിദ്യാര്‍ഥി പറയുന്നു. സസ്‌പെന്‍ഷന്‍ കൂടാതെ, ഇവര്‍ക്ക് കൗണ്‍സിലിങ്ങും നല്‍കിയിരുന്നു. ഇതിനെല്ലാം ശേഷം കഴിഞ്ഞ ദിവസമാണ് ഈ വിദ്യാര്‍ഥിസംഘം സ്‌കൂളില്‍ തിരികെ പ്രവേശിച്ചത്.
റാഗിങ്ങിനെക്കുറിച്ച് അധ്യാപകരോട് പരാതി പറഞ്ഞെങ്കിലും അവര്‍ വിഷയം അവഗണിച്ചതായി വിദ്യാര്‍ഥിയുടെ സഹോദരന്‍ ആരോപിച്ചു. സ്‌കൂളിലെ റാഗിങ് വിരുദ്ധ കമ്മിറ്റി, വിദ്യാര്‍ഥിയുടെ പരാതി പരിശോധിച്ച് പോലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Content Highlights: ragging at zamorins higher secondary school kozhikode complaint against senior students