അസുഖബാധിതരായ മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം; ഐടി ജീവനക്കാരനില്‍നിന്ന് ആള്‍ദൈവം തട്ടിയത് 14 കോടി

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മുംബൈ : അസുഖബാധിതരായ മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനംചെയ്ത് ഐടി ജീവനക്കാരനില്‍നിന്ന് ഏഴുവര്‍ഷത്തിനിടെ 14 കോടി തട്ടിയെടുത്തസംഘത്തെ തേടി പുണെ പോലീസ്. സന്ന്യാസിനി അടക്കമുള്ള സംഘത്തിനായാണ് തിരച്ചില്‍ നടത്തുന്നത്. ബഹുരാഷ്ട്ര ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന യുവാവാണ് കഴിഞ്ഞദിവസം പുണെ സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഓട്ടോ ഇമ്യൂണ്‍ ആരോഗ്യാവസ്ഥയും ഓട്ടിസവും ബാധിച്ച ഇയാളുടെ രണ്ട് പെണ്‍മക്കളെ ചികിത്സിച്ച് ഭേദമാക്കാമെന്ന് അവകാശപ്പെട്ടാണ് സംഘം പണംതട്ടിയതെന്ന് പരാതിയില്‍ പറയുന്നു. 2018-ല്‍ ഭജനയ്‌ക്കെത്തിയ ആളാണ് യുവാവിന്റെ ഭാര്യയെ തട്ടിപ്പുകാരായ ദമ്പതിമാര്‍ക്ക് പരിചയപ്പെടുത്തിയത്. സിദ്ധന്റെ ആത്മാവ് ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്നും ഇതിലൂടെ എല്ലാ അസുഖവും സുഖപ്പെടുത്തുമെന്നും ദമ്പതിമാര്‍ അവകാശപ്പെടുകയായിരുന്നു. തുടര്‍ന്ന്, സ്വത്തുവിവരങ്ങളും ആസ്തികളും ചോദിച്ചറിഞ്ഞ മൂവരും ചേര്‍ന്ന് ഇവരെ സമര്‍ഥമായി കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അസുഖങ്ങള്‍ മാറാന്‍ പ്രത്യേക പൂജ മുതല്‍ പ്രാര്‍ഥനായോഗങ്ങള്‍വരെ സംഘടിപ്പിക്കാനെന്ന പേരില്‍ തട്ടിപ്പുകാര്‍ പണം കൈപ്പറ്റി. ബ്രിട്ടണിലെ കുടുംബത്തിന്റെ വീട് മുതല്‍ നാട്ടില്‍ വിവിധയിടങ്ങളിലെ കൃഷിഭൂമിയടക്കമുള്ള വസ്തുവകകളാണ് ദൗര്‍ഭാഗ്യം കൊണ്ടുവരുന്നതെന്നായിരുന്നു ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇവ വില്‍ക്കാന്‍ കുടുംബത്തെ സംഘം പ്രേരിപ്പിച്ചു. വിറ്റുകിട്ടുന്ന പണം ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന് പറഞ്ഞ് ഇവര്‍ സമര്‍ഥമായി തട്ടിയെടുത്തു.

ഇതിനിടെ പൂജകള്‍ക്ക് ചോദിച്ച വന്‍ തുകകള്‍ നല്‍കാനായി യുവാവ് ബാങ്ക് വായ്പ എടുക്കുകയും ബന്ധുക്കളില്‍നിന്ന് കടംവാങ്ങുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Content Highlights: pune techie loses 14 crore to godman promising to cure ailing daughters