പുണെ ബലാത്സംഗം: പ്രതിക്കെതിരേയുള്ള കേസുകളില് അഞ്ചെണ്ണത്തില് പരാതിക്കാര് വനിതകള്

പുണെ: പുണെയിലെ സ്വര്ഗേറ്റ് ബസ് സ്റ്റേഷനില് നിര്ത്തിയിട്ടിരുന്ന ബസിനുള്ളില് ഇരുപത്താറുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ദത്താത്രേയ രാംദാസ് ഗഡിയെ മാര്ച്ച് 12 വരെ പോലീസ് കസ്റ്റഡിയില് വിട്ടു. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ 75 മണിക്കൂർ തിരച്ചിലിനൊടുവിലാണ് പുണെ ജില്ലയിലെ ഷിരൂരില്നിന്ന് ഇയാള് പിടിയിലായത്. ഇയാളെക്കുറിച്ച് വിവരം നല്കുന്നവര്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മോഷണം, പിടിച്ചുപറി, മാലപൊട്ടിക്കല് കേസുകളില് പ്രതിയാണ് ദത്താത്രേയ. പുണെയിലും സമീപ ജില്ലകളിലും ഇയാള്ക്കെതിരേ കേസുകളുണ്ട്. കേസുകളില് അഞ്ച് കേസുകളില് പരാതിക്കാര് സ്ത്രീകളാണ്. പീഡനശ്രമം അടക്കമുള്ള കേസുകള് ഉണ്ടെന്നാണ് റിപ്പോര്ട്ടുകള്.
പോലീസ് സ്റ്റേഷനില്നിന്നു 100 മീറ്റര് മാത്രം അകലെയുള്ള പുണെയിലെ സ്വര്ഗേറ്റ് ബസ് സ്റ്റാന്ഡില് ചൊവ്വാഴ്ച പുലര്ച്ചെ 5.45-നും ആറിനുമിടെയാണ് അതിക്രമം നടന്നത്. സ്വന്തം ഗ്രാമമായ സത്താറ ജില്ലയിലെ ഫാല്ടണിലേക്ക് പോകുന്നതിനായാണ് യുവതി ബസ് സ്റ്റാന്ഡിലെത്തിയത്. ദീദി (സഹോദരി) എന്നുവിളിച്ച് യുവതിയോട് സംസാരിച്ച പ്രതി നിര്ത്തിയിട്ടിരുന്ന ബസ് സര്വീസ് നടത്തുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ച് അതില് കയറാന് ആവശ്യപ്പെട്ടു. ബസിനുള്ളില് വെളിച്ചം ഇല്ലാത്തതിനാല് കയറാന് മടിച്ച യുവതിയെ ബസ് സത്താറയിലേക്ക് പോകുന്നത് തന്നെയാണെന്ന് വിശ്വസിപ്പിച്ചു. യാത്രക്കാര് ഉറങ്ങുന്നതിനാല് ലൈറ്റുകള് ഓഫ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞു. യുവതി ബസില് കയറിയപ്പോള് യാത്രക്കാരെ കണ്ടില്ല.
ബസിൽനിന്ന് ഇറങ്ങാൻ ശ്രമിച്ച യുവതിയെ ഇയാള് തടഞ്ഞുവച്ചു യുവതിയെ കീഴ്പ്പെടുത്തി. രണ്ട് വട്ടമാണ് ഇയാള് ബലാത്സംഗം ചെയ്തത്. ബസില്നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയ പെണ്കുട്ടി മറ്റൊരു ബസില് നാട്ടിലേക്ക് പോയി. നടന്നതെല്ലാം സുഹൃത്തിനോട് തുറന്ന് പറഞ്ഞപ്പോള് പോലീസിനെ സമീപിക്കണമെന്ന് അയാള് നിര്ബന്ധിക്കുകയായിരുന്നു.
Content Highlights: Pune Rape Case; Gade, who faces half a dozen criminal cases