മരിച്ചതാര്, തമിഴ്‌നാട്ടിലും ആന്ധ്രയിലും തിരഞ്ഞു,തദ്ദേശവകുപ്പിൽനിന്നുവരെ വിവരംതേടി; ഒടുവിൽ ട്വിസ്റ്റ്

പുനലൂർ: പിറവന്തൂർ മുക്കടവ് ആളുകേറാമലയിൽ കൊല്ലപ്പെട്ടത്, കേസിൽ പ്രതിയെന്ന് സംശയിക്കപ്പെട്ടയാൾ തന്നെയെന്ന സ്ഥിരീകരണം വരുമ്പോൾ വഴിതിരിയുന്നത് ഇതുവരെ നടത്തിയ അന്വേഷണം. മരിച്ചതാരെന്നും കൊന്നതാരെന്നും കണ്ടുപിടിക്കാനാകാതെ കുഴങ്ങിയ പോലീസിന് പ്രതീക്ഷയുടെ പുതുവെളിച്ചം കാട്ടുന്നതാണ് പുതിയ കണ്ടെത്തൽ. എന്നാൽ പുതിയ വെളിപ്പെടുത്തലോടെ, ഇത്രയും നാളെത്തെ അന്വേഷണത്തിൽ കണ്ടെത്തിയ പലകാര്യങ്ങളുമായുള്ള പൊരുത്തക്കേടുകൾക്കും പോലീസിന് ഉത്തരം കണ്ടെത്തേണ്ടിവരും.
പുനലൂർ-മൂവാറ്റുപുഴ ഹൈവേയോടു ചേർന്ന് പിറവന്തൂർ പഞ്ചായത്തിലെ വൻവിള വാർഡിലെ മുക്കടവ് ആളുകേറാമലയിൽ 2025 സെപ്റ്റംബർ 23-ന് കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് കണ്ടെത്തുകയായിരുന്നു പോലീസ് നേരിട്ട മുഖ്യ വെല്ലുവിളി. പോലീസ് സ്റ്റേഷനുകൾ വഴി ശേഖരിച്ച, കാണാതായ ആളുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആളുകേറാമലയിൽ കൊല്ലപ്പെട്ടയാളുടെ വിവരങ്ങളുമായി ഒത്തുചേർന്നില്ല.
കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും പോലീസ് അന്വേഷണം നടത്തി. മരിച്ചയാൾ ഇടതുകാലിന് സ്വാധീനമില്ലാത്ത മധ്യവയസ്‌കനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണവകുപ്പിൽ നിന്നുൾപ്പെടെ ലഭ്യമാക്കി.
ഡി.എൻ.എ. പരിശോധനയായിരുന്നു അവസാനവാക്ക്. സംശയിക്കപ്പെട്ടവരുടെ ബന്ധുക്കളിൽനിന്ന് ശേഖരിച്ച ഡി.എൻ.എ. സാംപിളുകളൊന്നും മൃതദേഹത്തിന്റെ ഡി.എൻ.എ.യുമായി ചേർന്നില്ല. ഒടുവിൽ സംശയത്തിന്റെ പേരിൽ, പ്രതിയാണെന്ന് കരുതിയ അനിക്കുട്ടന്റെ ബന്ധുക്കളിൽനിന്ന് ശേഖരിച്ച ഡി.എൻ.എ. സാംപിൾ പരിശോധിക്കുമ്പോഴാണ് തങ്ങൾ ഇത്രയുംകാലം തിരഞ്ഞയാൾ അനിക്കുട്ടനാണെന്ന് പോലീസിന് മനസ്സിലായത്.
നെഞ്ചിൽ വലതുഭാഗത്തായി ആഴത്തിൽ കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടായിരുന്നു. ഇതിനടുത്തുനിന്ന് കന്നാസ്, കത്രിക, ബാഗ് തുടങ്ങിയവയും ലഭിച്ചു. കൊലപാതകത്തിനുശേഷം മുഖം കത്തിച്ച് തെളിവുനശിപ്പിക്കാനുള്ള ശ്രമം നടത്തിയതായും സ്ഥിരീകരിച്ചിരുന്നു.
ഇനി കൊലപാതകിയിലേക്കുള്ള യാത്രയാണ് പോലീസിന് നടത്തേണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഇത് വേഗത്തിൽ സാധ്യമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
Content Highlights: The unidentified body found in Mukkadavu has been identified via DNA testing., The victim was initially suspected to be the perpetrator, shifting the investigation scope., The murder involved a deep stab wound to the chest and an attempt to disfigure the face., Police are now focusing on identifying the actual killer following the victim's identification.