പീഡന ദൃശ്യങ്ങളടങ്ങിയ പെൻ ഡ്രെെവുകൾ നാടെങ്ങും; പ്രജ്വൽ രേവണ്ണ കേസിന്റെ നാൾവഴി

ബെംഗളൂരു: പ്രജ്വൽ രേവണ്ണയെ ജീവപര്യന്തം തടവിനും 11 ലക്ഷം പിഴയൊടുക്കാനും ശിക്ഷിച്ചത് നാൽപ്പത്തേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ. ഇത്തരത്തിൽ മൂന്ന് കേസുകളിലെ വിധി കൂടി പ്രജ്വലിനെതിരെ വരാനുണ്ട്. പ്രത്യേക കോടതി ജഡ്ജ് സന്തോഷ് ഗജാനൻ ഭട്ട് ആണ് വിധി പ്രഖ്യാപിച്ചത്.
2021-ൽ ഹാസനിലെ ഗണ്ണിക്കടയിലെ ഗസ്റ്റ് ഹൗസിലും പ്രജ്വലിന്റെ ബെംഗളൂരുവിലെ വീട്ടിൽവെച്ചും രണ്ട് തവണ ബലാത്സംഗം ചെയ്തതായാണ് കേസ്. മാത്രമല്ല, പീഡനങ്ങളുടെ ദൃശ്യങ്ങൾ പ്രജ്വൽ ചിത്രീകരിച്ചതായും ഇവരുടെ പരാതിയിൽ ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് ചോരുകയും ആയിരക്കണക്കിന് പെൻ ഡ്രൈവുകളിൽ ഈ ദൃശ്യങ്ങൾ ആളുകളിൽ എത്തുകയും ചെയ്തു. വീഡിയോകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു.
പ്രജ്വൽ രേവണ്ണ കേസിന്റെ നാൾവഴി
2024 ഏപ്രിൽ 01
പ്രജ്വൽ രേവണ്ണയുടെ പീഡനവീഡിയോകൾ അടങ്ങുന്ന പെൻ ഡ്രൈവുകൾ ഹാസൻ മണ്ഡലത്തിൽ ഉടനീളം പരക്കുന്നു
2024 ഏപ്രിൽ 20
തിരഞ്ഞെടുപ്പിൽ മോശം ഇമേജ് ഉണ്ടാക്കാൻ എതിരാളികൾ വീഡിയോ പ്രചരിപ്പിക്കുന്നതായി പ്രജ്വലിന്റെ ഇലക്ഷൻ ഏജന്റുമാരുടെ പരാതിയെ തുടർന്ന് എഫ്‌ഐആർ ഇടുന്നു
2024 ഏപ്രിൽ 26
വോട്ടിങ് കഴിഞ്ഞ ദിവസം തന്നെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഉപയോഗിച്ച് പ്രജ്വൽ രാജ്യം വിടുന്നു
2024 ഏപ്രിൽ 27
ആരോപണങ്ങൾ അന്വേഷിക്കാനായി കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നു
2024 ഏപ്രിൽ 30
ജനതാദൾ(എസ്) പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യുന്നു
2024 മെയ് 02
പ്രജ്വലിനും പിതാവും ജെഡിഎസ് നേതാവുമായ രേവണ്ണയ്ക്കും എതിരെ മുൻ വീട്ടുജോലിക്കാരി പോലീസിൽ പീഡന പരാതി കൊടുക്കുന്നു
2024 മെയ് 03
പരാതിക്കാരിയെ അജ്ഞാതർ തട്ടിക്കൊണ്ടു പോയെങ്കിലും മൈസൂരുവിലെ ഫാം ഹൗസിൽ ഇവരെ കണ്ടെത്തുന്നു
2024 മെയ് 04
തട്ടിക്കൊണ്ടുപോകൽ കേസിൽ രേവണ്ണയെ അറസ്റ്റ് ചെയ്യുന്നു
2024 മെയ് 07
പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ പ്രജ്വൽ ഹാജരാവാതിരുന്നതിനെ തുടർന്ന് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നു
2024 മെയ് 31
ഇന്ത്യയിൽ തിരിച്ചെത്തിയ പ്രജ്വൽ രേവണ്ണയെ വിമാനത്താവളത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ വനിതകൾ മാത്രമടങ്ങിയ സംഘം അറസ്റ്റ് ചെയ്യുന്നു
2024 സെപ്റ്റംബർ 08
കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നു
2024 നവംബർ 11
പ്രജ്വലിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുന്നു
2025 മെയ് 02
കോടതിയിൽ വിചാരണ തുടങ്ങുന്നു
2025 ജൂലൈ 18
വിചാരണ അവസാനിക്കുന്നു
2025 ഓഗസ്റ്റ് 01
പ്രജ്വലിനെ കുറ്റവാളിയായി വിധിക്കുന്നു
2025 ഓഗസ്റ്റ് 02
പ്രജ്വലിന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നു
Content Highlights: what happened in prajwal revanna case; Time Line