90 അശ്ലീല വീഡിയോകൾ, സ്ത്രീകളുടെ ചിത്രങ്ങൾ; ജയിലിൽ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് മൊബൈൽ പിടികൂടി

#ന്യൂസ് ഡെസ്ക്
പ്രജ്ജ്വൽ രേവണ്ണ | ഫോട്ടോ: പിടിഐ
പ്രജ്ജ്വൽ രേവണ്ണ | ഫോട്ടോ: പിടിഐ

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുൻ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയുടെ ജയിൽ മുറിയിൽനിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഫോൺ പിടികൂടിയത്. ഫോണിന് പുറമെ ഒരു പെൻഡ്രൈവും ചാർജറും ഇയാളുടെ മുറിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് കണ്ടെടുത്ത ഫോണിൽ 90-ഓളം അശ്ലീല വീഡിയോകൾ ഉള്ളതായാണ് പ്രാഥമിക വിവരം. ഈ വീഡിയോകളിൽ ഭൂരിഭാഗവും ഇന്ത്യൻ അശ്ലീല ഉള്ളടക്കമുള്ളതാണെന്നാണ് റിപ്പോർട്ട്. കൂടാതെ, ശരീരം കാണുന്ന നിലയിൽ വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളുടെ ചിത്രങ്ങളും ഫോണിൽ സൂക്ഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇതേ ഫോൺ ഉപയോഗിച്ച് പ്രജ്വൽ ഇന്റർനെറ്റിൽനിന്ന് വീഡിയോകൾ ഡൗൺലോഡ് ചെയ്തതായും പോലീസ് സംശയിക്കുന്നു.

ജയിലിലെ സിഗ്നൽ ജാമറുകൾ മറികടക്കാൻ ആന്ധ്രാപ്രദേശിൽനിന്ന് എടുത്ത സിം കാർഡാണ് ഫോണിൽ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കർണാടകയിൽനിന്നുള്ള സിം കാർഡുകൾക്ക് ജയിലിനുള്ളിൽ നിയന്ത്രണമുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള സിം കാർഡുകൾ ജാമറുകളെ അതിജീവിച്ച് പ്രവർത്തിക്കുന്നതാണ് ഇതെന്നാണ് വിവരം. ഫോൺ കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

സംഭവത്തെത്തുടർന്ന് അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു. ജയിൽ സൂപ്രണ്ടിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ഫോൺ ജയിലിനുള്ളിൽ എത്തിയതെന്ന് കണ്ടെത്താൻ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് പുതിയ കേസെടുത്തിട്ടുണ്ട്. മറ്റൊരു തടവുകാരനെയും കേസിൽ പ്രതിചേർത്തു.

ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 2025 ഓഗസ്റ്റിലാണ് പ്രജ്വലിനെ പ്രത്യേക കോടതി ശിക്ഷിച്ചത്. തന്റെ ശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് പ്രജ്വൽ നൽകിയ ഹർജി അടുത്തിടെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.