കൊന്ന് കാല്‍വെട്ടിയെടുത്ത് ആഹ്ളാദപ്രകടനം,സാക്ഷികള്‍ പേടിച്ച് കൂറുമാറി; ഒടുവില്‍ ദൃശ്യങ്ങള്‍ തെളിവായി

സുധീഷിനെ കൊലപ്പെടുത്തിയ ശേഷം കാല്‍വെട്ടിയെടുത്ത് ആഹ്ലാദപ്രകടനം നടത്തുന്ന പ്രതികള്‍
സുധീഷിനെ കൊലപ്പെടുത്തിയ ശേഷം കാല്‍വെട്ടിയെടുത്ത് ആഹ്ലാദപ്രകടനം നടത്തുന്ന പ്രതികള്‍

തിരുവനന്തപുരം: ലഹരിയും ഗുണ്ടാപ്പകയും എല്ലാ അതിരുകളും ലംഘിച്ചതായിരുന്നു പോത്തന്‍കോട് സുധീഷ് വധക്കേസ്. കൊലപ്പെടുത്തിയ ശേഷം കാല്‍വെട്ടിയെടുത്ത്  നഗരപ്രദക്ഷിണം നടത്തിയ സംഭവം കേരളം ഞെട്ടലോടെയാണ് കണ്ടത്. കേസിലെ സാക്ഷികള്‍ കൂറുമാറി, കേസ് അട്ടിമറിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും കേസിലെ 11 പ്രതികളേയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ടയാളുടെ കാല്‍ വെട്ടിയെടുത്ത് ആഹ്ളാദപ്രകടനം നടത്തിയ അക്രമികള്‍, അന്വേഷണത്തിന്റെ ഘട്ടത്തിലും കോടതിയില്‍ വാദം നടക്കുമ്പോഴുമെല്ലാം കേസ് അട്ടിമറിക്കാന്‍ നിരവധി ശ്രമങ്ങളാണ് നടത്തിയത്. പ്രതികളെ പേടിച്ച് പല പ്രധാന സാക്ഷികളും കൂറുമാറി. സുധീഷിന്റെ മരണമൊഴിയും സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് പ്രതികള്‍ നടത്തിയ ആഹ്ളാദപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പക്ഷേ, കോടതിയില്‍ നിര്‍ണായക തെളിവുകളായി.

ഗുണ്ടാസംഘത്തെ ഭയന്ന് പോത്തന്‍കോടിനടുത്ത് കല്ലൂരിലെ പാണന്‍വിള കോളനിയില്‍ ബന്ധു സജീവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് സുധീഷ് കൊല്ലപ്പെടുന്നത്. ഓട്ടോറിക്ഷയിലും രണ്ട് ബൈക്കുകളിലുമായെത്തിയ 11 അംഗ സംഘമാണ് സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

അക്രമത്തിനെത്തിയ സംഘം ചറ്റുമുള്ള വീടുകള്‍ തല്ലിത്തകര്‍ത്തും ആയുധങ്ങള്‍ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടു വളഞ്ഞ ശേഷമായിരുന്നു ആക്രമണം. വാതില്‍ വെട്ടിപ്പൊളിച്ചാണ് ഇവര്‍ അകത്തുകയറിയത്. ഒന്നാം പ്രതി ഉണ്ണി മഴു ഉപയോഗിച്ച് സുധീഷിന്റെ വലതുകാല്‍ മുട്ടിനു താഴൈവച്ച് വെട്ടിയെടുത്തു. ഈ കാലുമായി മൂന്നു പേര്‍ അര കിലോമീറ്ററോളം ബൈക്കില്‍ സഞ്ചരിച്ച് കല്ലൂര്‍ ജങ്ഷനില്‍ എറിയുകയായിരുന്നു.

കൊല്ലപ്പെട്ട സുധീഷും നിരവധി കേസുകളിലെ പ്രതിയായിരുന്നു. കൊല്ലപ്പെടുന്നതിന് ഒരു മാസം മുന്‍പ് സുധീഷ് ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും മങ്കാട്ടുമൂലയില്‍െവച്ച് ആക്രമിച്ചിരുന്നു. ഉണ്ണിയുടെ അമ്മയുടെ നേരേ നാടന്‍ബോംബ് എറിയുകയും ചെയ്തിരുന്നു. ഇതാണ് പ്രതികാരത്തിനു കാരണം. ഉണ്ണിയും മറ്റൊരു ഗുണ്ടാസംഘത്തലവനായ ഒട്ടകം രാജേഷും ചേര്‍ന്നാണ് പ്രത്യാക്രമണം ആസൂത്രണം ചെയ്തത്.

ഏറെനേരം സുധീഷ് വെട്ടേറ്റ് വീട്ടില്‍ കിടന്നു. പോലീസെത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ഇതിനിടയിലാണ് ഉണ്ണിയും ഒട്ടകം രാജേഷും ചേര്‍ന്നാണ് തന്നെ വെട്ടിയതെന്ന് സുധീഷ് പോലീസിനോടു പറഞ്ഞത്. ഇത് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ സുധീഷ് ആശുപത്രിയിലെത്തുന്നതിനു മുന്‍പ് മരിച്ചു.

നെടുമങ്ങാട് എസ്എസ്ടി കോടതി ജഡ്ജി എ.ഷാജഹാനാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.2021 ഡിസംബര്‍ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  ഒന്നാം പ്രതി ഉണ്ണി കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ് ആനന്ദനൃത്തം ചവിട്ടിയത് നാട്ടിലെങ്ങും ഭീതിപരത്തിയിരുന്നു. രണ്ടാം പ്രതി ശ്യാമും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തു. നിധീഷ്, നന്ദീഷ്, രഞ്ജിത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു, സച്ചിന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

Content Highlights: pothencode sudheesh Murder Case- after killing and cutting off the legs-Cheering