സ്‌കൂട്ടറിന്റെ ടയർ മാറ്റുന്നതിന് പണം കൊടുത്തില്ല: മകൻ അച്ഛന്റെ തലയിലും വാരിയെല്ലുകളിലും കുത്തിപ്പരിക്കേൽപ്പിച്ചു

#സ്വന്തം ലേഖകൻ
പ്രതി ഫിറോസ് ഖാൻ
പ്രതി ഫിറോസ് ഖാൻ

പൂന്തുറ: സ്‌കൂട്ടറിന്റെ ടയർ മാറ്റുന്നതിന് പണം നൽകാത്തതിന് മകൻ അച്ഛന്റെ തലയിലും ഇടതും വലതുമുള്ള വാരിയെല്ലുകളിലും തോളിലും കുത്തിപ്പരിക്കേൽപ്പിച്ചു. കുത്തേറ്റ് റോഡിൽവീണ അച്ഛനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

സംഭവത്തിനുശേഷം ഒളിവിൽ പോയ മകനെ പോലീസിന്റെ പ്രത്യേക സംഘം കിഴക്കേകോട്ട പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു. ബീമാപള്ളി വാറുവിളാകത്ത് മുഹമ്മദ് ബാദുഷയെ (56) ആണ് കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിൽ മകൻ ഫിറോസ് ഖാനെ (34) പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. പ്രതിയായ മകൻ ഉപയോഗിക്കുന്ന സ്‌കൂട്ടറിന്റെ ടയർ മാറ്റിയിടുന്നതിന് അച്ഛനോട് പണം ചോദിച്ചിരുന്നു. നൽകില്ലെന്ന് പറഞ്ഞ വൈരാഗ്യത്തിൽ മകൻ കത്തിയെടുത്ത് അച്ഛനെ കുത്തുകയായിരുന്നുവെന്ന് പൂന്തുറ പോലീസ് പറഞ്ഞു. കുത്തേറ്റ തലയിൽ 22 തുന്നലും രണ്ടിടത്തെ വാരിയെല്ലുകളിൽ 14 തുന്നലുമിടേണ്ടിവന്നു.

മകനെതിരെ കൊലപാതക ശ്രമത്തിന് പൂന്തുറ പോലീസ് കേസെടുത്തു. എസ്.ഐ.മാരായ എസ്.എസ്. ശ്രീജേഷ്, എസ്. നിതിൻ, എ.എസ്.ഐ. ദീപക്, സി.പി.ഒമാരായ അരുൺ, ദീപക് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.

Content Highlights: Firoz Khan (34) stabbed his father, Muhammed Badusha (56), in Poonthura following a dispute over money to change a scooter tire. The victim suffered severe injuries to his head, ribs, and shoulders, requiring 22 stitches on his head and 14 on his ribs. Neighbors and relatives rushed the injured father to the Medical College Hospital. The accused absconded after the incident but was tracked down and arrested near East Fort by a special police team. Poonthura Police registered an attempted murder case against Firoz Khan and he has been remanded in custody.