'അവിടെ SFI മാത്രമേയുള്ളൂ; ബെല്‍റ്റുകൊണ്ട് ആഞ്ഞടിച്ചു,കഴുത്തിൽ കുരുക്കിട്ടു'; സമാനതകളില്ലാത്ത ക്രൂരത

സിദ്ധാര്‍ഥന്റെ മാതാപിതാക്കളായ എം.ആര്‍.ഷീബയും ടി.ജയപ്രകാശും(ഇടത്ത്) കേസില്‍ അറസ്റ്റിലായ രഹന്‍ ബിനോയ്. ആകാശ്, ശ്രീഹരി, അഭിഷേക്, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ്‌സ് ജോഷ്വാ(വലത്ത്)
സിദ്ധാര്‍ഥന്റെ മാതാപിതാക്കളായ എം.ആര്‍.ഷീബയും ടി.ജയപ്രകാശും(ഇടത്ത്) കേസില്‍ അറസ്റ്റിലായ രഹന്‍ ബിനോയ്. ആകാശ്, ശ്രീഹരി, അഭിഷേക്, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ്‌സ് ജോഷ്വാ(വലത്ത്)

തിരുവനന്തപുരം:  വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം. സിദ്ധാര്‍ഥിനെ കൊന്നതാണെന്നും ആത്മഹത്യചെയ്യില്ലെന്നും ഉറപ്പിക്കാന്‍ വിവിധ കാരണങ്ങളാണ് കുടുംബാംഗങ്ങള്‍ നിരത്തുന്നത്. ഒന്നാമത് അവന്‍ പഠനത്തില്‍ പിന്നോട്ടല്ല. നന്നായി പഠിക്കുന്നവന്‍. ഇഷ്ടപ്പെട്ട കോഴ്സായതിനാലാണ് ബി.വി.എസ്.സി. പഠിക്കാന്‍ ചേര്‍ന്നത്.രണ്ടാമതായി സാമ്പത്തികപ്രശ്‌നങ്ങളില്ലെന്നും കുടുംബം പറയുന്നു. 

ജീവിതത്തില്‍ മുന്നേറാന്‍ പല പദ്ധതികളും കൊണ്ടുനടക്കുന്നവന്‍. വേഗം ജോലി തേടാന്‍ ഒരിക്കലും തന്നോടു പറയരുതെന്ന് സിദ്ധാര്‍ഥ് പറയുമായിരുന്നു. കാരണം, പി.ജി.യും പിഎച്ച്.ഡി.യും നേടി തുടര്‍പഠനത്തിന് ആഗ്രഹിക്കുകയായിരുന്നു. സാമ്പത്തികമായി പ്രശ്‌നങ്ങളില്ലാത്തതിനാല്‍ അവന്റെ പഠനത്തിനു തടസ്സംനില്‍ക്കില്ലെന്ന് ഉറപ്പുനല്‍കിയിരുന്നതായും അച്ഛന്‍ ജയപ്രകാശ് വ്യക്തമാക്കി.

സിദ്ധാര്‍ഥിനെ കൊന്നതാണെന്ന വിവരം പുറത്തുപറഞ്ഞാല്‍ തീര്‍ത്തുകളയുമെന്ന് കോളേജിലുള്ള ചില വിദ്യാര്‍ഥികളോട് പ്രതികള്‍ പറഞ്ഞതായും ജയപ്രകാശ് ആരോപിച്ചു. അവന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ച സമയത്താണ് ഞാന്‍ ഇക്കാര്യം അറിയുന്നത്. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും എന്നെ കാണാന്‍ വന്നു. ഉള്ളിലിരിക്കുന്ന കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ അവനെ ചതിക്കുന്നതിനു തുല്യമാകുമെന്നു പറഞ്ഞാണ് അവര്‍ പറഞ്ഞുതുടങ്ങിയത്.

അവനെ കൊന്നതാണ്. പ്രണയദിനത്തില്‍ ഡാന്‍സ് ചെയ്തതിനായിരുന്നു തര്‍ക്കം. സീനിയര്‍ വിദ്യാര്‍ഥികളും അവന്റെ ചില കൂട്ടുകാരും ചേര്‍ന്നാണ് ക്രൂരത ചെയ്തത്. 130-ലധികം വിദ്യാര്‍ഥികളുടെ മുന്നിലിട്ട് പരസ്യവിചാരണ ചെയ്താണ് അവര്‍ ക്രൂരകൃത്യം നടത്തിയത്. ഇലക്ട്രിക് വയര്‍കൊണ്ട് കഴുത്തില്‍ കുരുക്കിട്ടായിരുന്നു മര്‍ദനം. നിലത്തിട്ട് ആഞ്ഞു ചവിട്ടി. നാലാംവര്‍ഷം പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ നേതൃത്വത്തിലാണ് മര്‍ദിച്ചത്. ബെല്‍റ്റുകൊണ്ട് ആഞ്ഞടിച്ചു. കോളേജ് അധികൃതരും ഇക്കാര്യം പുറത്തറിയിച്ചില്ല. ഇക്കാര്യം അറിയിച്ചാല്‍ കോളേജില്‍നിന്നു പുറത്താക്കുമെന്ന് അധികൃതരും പറഞ്ഞതായി അന്നെത്തിയ കുട്ടികള്‍ പറഞ്ഞെന്ന് ജയപ്രകാശ് പറയുന്നു.

ക്ലാസ് പ്രതിനിധിയായിരുന്ന സമയത്ത് സിദ്ധാര്‍ഥ് യൂണിയന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ.യാണ് ഭരിക്കുന്നത്. അവിടെ എസ്.എഫ്.ഐ. മാത്രമേയുള്ളൂ. ഒരു പാര്‍ട്ടിയോടും അവന് അനുഭാവമുണ്ടായിരുന്നില്ലെന്നും പഠനത്തില്‍ മാത്രമായിരുന്നു ശ്രദ്ധയെന്നും ജയപ്രകാശ് പറഞ്ഞു.


 

Content Highlights: pookode veterinary college student sidharth death case allegation by family