റോഡ് അടച്ച് റീൽ ചിത്രീകരിക്കുന്നത് ചോദ്യംചെയ്തു; പോലീസുകാരനെ മർദിച്ച് കൊലപ്പെടുത്തി

കുമളി: തേനിയിൽ റോഡ് അടച്ച് റീൽ ചിത്രീകരിക്കുന്നത് ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനെ മദ്യപസംഘം മർദിച്ച് കൊലപ്പെടുത്തി. റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ദീപാവലി റീൽ ചിത്രീകരിക്കുന്നത് ചോദ്യംചെയ്തതിനായിരുന്നു ഈ ക്രൂരത. സ്പെഷ്യൽ സബ്ഇൻസ്പെക്ടർ സെന്തിൽ കുമാർ (56) ആണ് കൊല്ലപ്പെട്ടത്.
തേനിക്ക് സമീപം സമതർമ്മപുരത്ത് ഞായറാഴ്ച രാത്രിയിലായിരുന്നു അക്രമം. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ അറസ്റ്റുചെയ്തിട്ടുണ്ട്. മദ്യപിച്ചെത്തിയ ഒരുസംഘം യുവാക്കൾ പൊതുറോഡിൽ വാഹനങ്ങൾ തടഞ്ഞിട്ട് പടക്കം പൊട്ടിക്കുകയും ഇത് മൊബൈൽ ഫോണിൽ റീൽസാക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്പെഷൽ സബ് ഇൻസ്പെക്ടർ സെന്തിൽകുമാർ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള റീൽസ് ചിത്രീകരണവും പടക്കം പൊട്ടിക്കലും തടയാൻ ശ്രമിച്ചു.
പ്രകോപിതരായസംഘം പോലീസുകാരനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കൂട്ടംചേർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സെന്തിൽകുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതൽപേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. സെന്തിൽ കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Content Highlights: Special Sub-Inspector Senthil Kumar was beaten to death in Theni., The attack happened after he questioned a group blocking a road to shoot a Diwali reel., Four youths have been arrested in connection with the murder.