വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ

തിരുവല്ലം(തിരുവനന്തപുരം): വാഴമുട്ടം- പാച്ചല്ലൂർ റോഡിൽ വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് പേരെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പത്തിരിപ്പാല മണ്ണൂർ സ്വദേശി ഹയാത്ത് റോഷൻ (32), ഇയാളുടെ സുഹൃത്തും തിരുവല്ലത്ത് വാടകയ്ക്ക് താമസിക്കുന്നയാളുമായ പൂന്തുറ കാട്ടുവയൽ വീട് ആലുകാട് സമ്പത്ത് (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. വാഹന പരിശോധനയുടെ ഭാഗമായി പോലീസ് തടഞ്ഞ കാറിൽനിന്ന് പുറത്തിറങ്ങിയ യാത്രക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് സി.പി.ഒ നസിമൂദീനെ ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ ഇരുമ്പുവള ഉപയോഗിച്ച് നസിമൂദീന്റെ വലതുകൈയിൽ ഇടിച്ചു. മർദനത്തിൽ നസിമൂദീന്റെ തള്ളവിരലിന് പൊട്ടലേൽക്കുകയും ലിഗമെന്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ നസിമൂദീൻ നിലവിൽ ചികിത്സയിലാണ്.
അറസ്റ്റിലായ പ്രതികൾ രണ്ടുപേരും മദ്യപിച്ചിരുന്നതായി പോലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് പ്രതികൾക്കെതിരെ തിരുവല്ലം പോലീസ് കേസെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.
Content Highlights: Police officer Nasimudeen assaulted during routine vehicle inspection in Thiruvallam., Suspects Hayath Roshan and Sampath arrested for using physical force., Medical report confirms ligament damage and thumb fracture for the officer., Suspects found to be under the influence of alcohol during the incident., Vehicle seized and suspects remanded by the court.