ബംഗാൾ സ്വദേശികളെ ആക്രമിക്കാൻ മലയാളി ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ കൊടുത്ത് അസംകാരൻ; അറസ്റ്റ്

റോഷി ദുൽഹക്ക്
റോഷി ദുൽഹക്ക്

കൊട്ടിയം: പശ്ചിമ ബംഗാൾ സ്വദേശികളെ ആക്രമിക്കുന്നതിന് മലയാളികളായ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ കൊടുത്ത അസം സ്വദേശിയെ കൊട്ടിയം പോലീസ് പിടികൂടി. അസം മരീഗാവ് കച്ചാരി ബോറിയിൽ റോഷി ദുൽഹക്ക് ആണ് അറസ്റ്റിലായത്.

മയ്യനാട് പീടികമുക്കിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളെ ആക്രമിക്കുന്നതിനാണ് മാടൻനടയിലെ ഷൈനിന് ഇയാൾ ക്വട്ടേഷൻ കൊടുക്കുന്നത്. ഇതിൻപ്രകാരം കഴിഞ്ഞ ജൂലായ് 28-ന് രാത്രിയിൽ ഷൈനിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം പീടികമുക്കിലെത്തി അക്രമം നടത്തുകയും തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും കവർന്ന് കടന്നുകളയുകയും ചെയ്തു. പോലീസിന്റെ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അഞ്ചുപേരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

കേസിൽ ഒന്നാംപ്രതിയായിരുന്ന ഷൈൻ പോലീസിന് നൽകിയ മൊഴിയിലാണ് റോഷി ദുൽഹക്കിന്റെ നിർദേശപ്രകാരമാണ് അക്രമം നടത്തിയതെന്ന് വെളിപ്പെടുത്തിയത്‌. ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ ഇയാളെ കോഴിക്കോട്നിന്നാണ് കൊട്ടിയം പോലീസ് പിടികൂടുന്നത്.

പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നിർദേശപ്രകാരം കൊട്ടിയം എസ്ഐ നിധിൻ നളൻ, അനിൽകുമാർ, സിപിഒമാരായ അരുൺ, വിനോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ്‌ ചെയ്തു.

Content Highlights: Assam resident arrested by police for hiring a Malayali goon squad to attack West Bengal natives. Over Rs 10,000 and mobile phones were stolen. Police investigation leads to arrest.