കൂടുതൽ സമയവും കടലിൽ; ഒടുവിൽ പോക്‌സോ കേസ് പ്രതി പിടിയിൽ, പോലീസെത്തിയത് മത്സ്യത്തൊഴിലാളി വേഷത്തിൽ

പ്രതീകാത്മക ചിത്രം | എഐ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മക ചിത്രം | എഐ സഹായത്തോടെ നിർമിച്ചത്

കൊല്‍ക്കത്ത: പോക്‌സോ കേസ് പ്രതിയെ അതിസാഹസികമായി പിടികൂടി പോലീസ്. നാളുകളായി ഒളിച്ചുകഴിയുകയായിരുന്ന പ്രതിയെ പത്തുകിലോമീറ്റര്‍ ബംഗാൾ ഉൾക്കടലിലൂടെ സഞ്ചരിച്ചാണ് പിടികൂടിയത്. 17-കാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ വിശ്വജിത് എന്നയാളെയാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ നാദിയയിലെ പ്രാദേശിക കോടതിയില്‍ ഹാജരാക്കുകയും പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷിക്കുകയും ചെയ്തു.

വെസ്റ്റ് ബംഗാളിലെ റാണാഘട്ടിലാണ് സംഭവം. റാണാഘട്ടിലെ ഹരിന്‍ഘട്ട സ്‌റ്റേഷനില്‍ 17-കാരിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയിലേക്കെത്തിയത്. 2024-ജൂണിലാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ പോക്‌സോ കേസ് ചുമത്തിയത്. ഓഗസ്റ്റില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും മുഖ്യപ്രതി ഒളിവില്‍ തുടരുകയായിരുന്നു.

ഒളിത്താവളങ്ങള്‍ അടിക്കടി മാറ്റുന്നതിനാല്‍ പിടികൂടുക പോലീസിന് വലിയ വെല്ലുവിളിയായി. നിരീക്ഷണങ്ങളിലൂടെയും രഹസ്യാന്വേഷണ വിവരങ്ങളിലൂടെയും ഇയാള്‍ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ സുന്ദര്‍ബന്‍സിന് സമീപമുള്ള നാംഖാന-കാക്ദ്വീപ് തീരപ്രദേശത്ത് താമസിക്കുന്നുണ്ടെന്ന സൂചന ലഭിച്ചു. 

പ്രതി ഉപജീവത്തിനായി മത്സ്യബന്ധനത്തിന് പോകാറുണ്ടെന്നും ദിവസങ്ങളോളം ആഴക്കടലില്‍ തുടരാറുണ്ടെന്നും പോലീസ് മനസ്സിലാക്കി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം കാക്ദ്വീപിലെത്തി. പോലീസ് വേഷം മാറ്റി, തോര്‍ത്തു കെട്ടി പ്രാദേശിക മത്സ്യബന്ധന ബോട്ടില്‍ മത്സ്യബന്ധനത്തിനെന്ന വ്യാജേന പുറപ്പെട്ടു. പ്രതിയുടെ കൂട്ടാളികളായ മത്സ്യത്തൊഴിലാളികളുമായി പോലീസ് സംസാരിച്ചിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴക്കടലില്‍വെച്ച് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. പിന്നാലെ തങ്ങളുടെ മത്സ്യബന്ധന ബോട്ടിലേക്ക് മാറ്റി തീരത്തേക്ക് മടങ്ങി.

Content Highlights: Ranaghat Police Nab POCSO Accused in Daring Maritime Operation