വനത്തിൽ കടന്ന് മലമാനുകളെ വേട്ടയാടി കൊന്നു; യുവാവ് പിടിയിൽ, മൂന്നുപേർ ഓടിരക്ഷപ്പെട്ടു

താമരശ്ശേരി: അനധികൃതമായി വനത്തിനകത്തുപ്രവേശിച്ച് സംരക്ഷിതവിഭാഗത്തിൽപ്പെട്ട രണ്ട് മലമാനുകളെ വേട്ടയാടിക്കൊന്ന നായാട്ടുസംഘത്തിലെ യുവാവ് വനപാലകരുടെ പിടിയിൽ. മലപ്പുറം കരുവാരക്കുണ്ട് തരിശ് ഇയ്യംമഠത്തിൽ അബ്ദുൽ സമദി(46)നെയാണ് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് സംഘം മലമാനുകളുടെ ജഡംസഹിതം കൈയോടെ പിടികൂടിയത്. പുതുപ്പാടി ഫോറസ്റ്റ് സെക്ഷനിലെ കൊളമലയിൽ വന്യജീവിവേട്ട നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ രണ്ടരമുതൽ വനപാലകർ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് നായാട്ടുസംഘത്തിൽപ്പെട്ടയാൾ പിടിയിലായത്. തുടർന്ന്, പുതുപ്പാടി ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ കേസ് രജിസ്റ്റർചെയ്ത് അബ്ദുൾ സമദിനെ അറസ്റ്റുചെയ്യുകയും മലമാനുകളുടെ ജഡങ്ങളും കാട്ടിറച്ചികടത്തിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുക്കുകയുംചെയ്തു. താമരശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് സബ് ജയിലിലേക്ക് റിമാൻഡുചെയ്തു.
അതേസമയം, സമദിനൊപ്പമുണ്ടായിരുന്ന മൂന്നുപേർ വനപാലകരുടെ സാന്നിധ്യമറിഞ്ഞ് നായാട്ടിനുപയോഗിച്ച തോക്കുസഹിതം വനത്തിനകത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഓടി വനാതിർത്തിയിലെത്തിയശേഷം അവിടെ നേരത്തേ നിർത്തിയിട്ടിരുന്ന ഒരു നീല കാറിൽ കയറിയാണ് ബാക്കിയുള്ളവർ കടന്നുകളഞ്ഞത്. കരുവാരക്കുണ്ട് സ്വദേശി ഖലീൽ, ഈങ്ങാപ്പുഴ ചോയിയോട് മുഹമ്മദ് റാഫി, ഈങ്ങാപ്പുഴ സ്വദേശി നൗഫൽ എന്നിവരാണ് കടന്നുകളഞ്ഞതെന്ന് വനപാലകർ അറിയിച്ചു. വെടിയേറ്റ് ചത്തനിലയിലുള്ള ഒരു മലമാനിനെ അബ്ദുസമദിനെ പിടികൂടുന്നസമയത്തും, മറ്റൊരുമാനിനെ മുറിച്ച് ഇറച്ചിയാക്കിയനിലയിൽ നായാട്ടുസംഘം റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽനിന്നുമാണ് കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയിലെ വനാതിർത്തികളിൽനിന്നും നിലമ്പൂർ ഉൾപ്പെടെ സമീപജില്ലകളിലെ വനമേഖലകളിൽനിന്നും ഒട്ടേറെ നായാട്ടുസംഘങ്ങൾ കോഴിക്കോട്ടെ വിവിധ വനഭാഗങ്ങളിൽ പുലർകാലങ്ങളിൽ നായാട്ടുനടത്തുന്നതായി വനപാലകർക്ക് നേരത്തേ വിവരംലഭിച്ചിരുന്നു. ഇതുസംബന്ധിച്ച പരിശോധനയ്ക്കായി പുലർച്ചെ രണ്ടരയോടെ കാടിനകത്തേക്കുപ്രവേശിച്ച വനപാലകർ ഉൾക്കാട്ടിൽ വെളിച്ചംകണ്ടഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ഈ സമയത്താണ് വെടിവെച്ചുകൊന്ന മാനിനടുത്തുനിന്നിരുന്ന അബ്ദുൽ സമദിനെ കസ്റ്റഡിയിലെടുത്തത്. വനപാലകരെ കണ്ടയുടൻ മറ്റുമൂന്നുപേർ വനത്തിനുള്ളിൽനിന്ന് ഓടിമറയുകയായിരുന്നു.
താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ, പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ടി. ബിജു, ഗ്രേഡ് എസ്.എഫ്.ഒ. എം.ടി. സുധീഷ്, ബി.എഫ്.ഒ.മാരായ വി.എസ്. ഷനീഷ്, കെ. അമീർ ഷാ, ഫോറസ്റ്റ് വാച്ചർമാരായ പി.ഡി. ലജുമോൻ, പി.ആർ. രവി, സജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നായാട്ടുസംഘത്തിലെ ബാക്കിയുള്ളവർ രക്ഷപ്പെടാനുപയോഗിച്ച കാറിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടിറച്ചി വിൽപ്പനനടത്തുന്നവരിലേക്കും വാങ്ങുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും ആർ.എഫ്.ഒ. പ്രേം ഷമീർ അറിയിച്ചു.
Content Highlights: Forest officials in Thamarassery arrested a poacher for illegally entering a protected area and killing Wild Animal. an auto-rickshaw, and hunting equipment were seized. An investigation is ongoing.