ലൈറ്റർ രൂപത്തിലുള്ള സ്‌പൈ ക്യാമറയിൽ യുവതിയുടെ വീഡിയോ പകർത്തി; പൈലറ്റ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ന്യൂഡൽഹി: അനുവാദമില്ലാതെ യുവതിയുടെ വീഡിയോ പകർത്തിയതിന് സ്വകാര്യ എയർലൈൻ പൈലറ്റ് അറസ്റ്റിലായി. ലൈറ്ററിന്റെ രൂപത്തിലുള്ള ചെറിയ രഹസ്യ സ്‌പൈ ക്യാമറ ഇയാളിൽനിന്ന് കണ്ടെടുത്തു. ഉത്തർപ്രദേശിലെ ആഗ്രയിലെ സിവിൽ ലൈൻസ് ഏരിയയിൽ താമസിക്കുന്ന മോഹിത് പ്രിയദർശി(31)യാണ് പിടിയിലായത്.

ഓഗസ്റ്റ് 30-ന് യുവതി നൽകിയ പരാതിയെ തുടർന്ന് ഡൽഹിയിലെ സൗത്ത് വെസ്റ്റ് ജില്ലയിലെ കിഷൻഗഡ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിഷൻഗഡ് ഗ്രാമവാസിയായ പരാതിക്കാരി, ഓഗസ്റ്റ് 30-ന് രാത്രി 10.20-ന് ശനി ബസാറിൽ നിൽക്കുമ്പോൾ ലൈറ്ററിന്റെ രൂപത്തിലുള്ള രഹസ്യ ക്യാമറ ഘടിപ്പിച്ച ഉപകരണം ഉപയോഗിച്ച് തന്റെ അനുവാദമില്ലാതെ ഒരാൾ വീഡിയോകൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ടതായി പരാതിയിൽ പറയുന്നു.

പോലീസ് ബിഎൻഎസ് വകുപ്പ് 77/78 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയിക്കുന്നയാളുടെ ചിത്രം പോലിസ് പ്രചരിപ്പിക്കുകയും ചെയ്തു.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയായ മോഹിത് പ്രിയദർശി അവിവാഹിതനാണ്. വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയാണ് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ലൈറ്ററിന്റെ രൂപത്തിലുള്ള ഒരു രഹസ്യ സ്‌പൈ ക്യാമറ ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

Content Highlights: pilot arrested in Delhi for secretly filming a woman using a spy camera disguised as a lighter