തലയിടിപ്പിച്ച് കൊലപ്പെടുത്തി, ശരീരത്തിൽ ക്രൂരമർദനത്തിന്റെ പാടുകൾ; പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം

കളമശ്ശേരി: പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള ആൺകുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിയിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ട്. കുട്ടി അതിക്രൂരമായ മർദനത്തിനിരയായതായി തെളിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ രണ്ടാനച്ഛൻ അസം സ്വദേശിയായ മഹേശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല. അതേസമയം മഹേശ്വർ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മയും നാട്ടുകാരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഇയാളുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകൻ ബിറ്റുപാൻ എന്ന മൂന്നുവയസ്സുകാരനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടി മരിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി പെരുമ്പാവൂർ പോലീസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ കണ്ടെത്തിയത്.
വീടിനുമുകളിൽനിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റത് എന്നാണ് രണ്ടാനച്ഛൻ പോലീസിനോടും ആവർത്തിച്ചത്. എന്നാൽ സംശയം തോന്നിയ പോലീസ് ഇവരുടെ വീടിന്റെ പരിസരത്തുള്ളവരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നു എന്ന അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വല്ലത്തെ കെ.കെ. പ്ലൈവുഡ് എന്ന കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വർ. ഭാര്യയുടെ ആദ്യവിവാഹത്തിലെ രണ്ടുകുട്ടികൾക്കൊപ്പമാണ് ഇയാൾ വല്ലത്തെ വാടകമുറിയിൽ താമസിച്ചിരുന്നത്. മൂത്തയാൾ ആറുവയസ്സുള്ള പെൺകുട്ടിയാണ്.
Content Highlights: Post-mortem report confirms the 3-year-old child's death in Perumbavoor was a murder., The child suffered severe injuries, and police suspect the head was banged against a surface., The victim's stepfather, Maheswar, has been taken into police custody for interrogation., Neighbors and the mother stated that the stepfather frequently abused the child.