സ്‌കൂൾകാലം തൊട്ടുള്ള സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; പ്രതി തീവണ്ടി തട്ടി മരിച്ചനിലയിൽ

പാപ്പിനിശ്ശേരി(കണ്ണൂർ): സ്‌കൂൾ പഠനകാലം മുതലുള്ള സുഹൃത്തിനെ വീട്ടിൽ കയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് കടന്നയാളെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി പി.കെ.പി.ഷെഫീഖിനെ(43)യാണ് ശനിയാഴ്ച രാവിലെ പത്തോടെ പഴഞ്ചിറയ്ക്ക് സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്.
ഷെഫീഖിന്റെ വീട്ടിൽനിന്ന് ഏതാണ്ട് 300 മീറ്റർ അകലെയാണ് പരിക്കേറ്റ സുഹൃത്ത് പ്രശാന്തിന്റെ വീട്. ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് ഷെഫീഖ് പ്രശാന്തിന്റെ വീട്ടിലെത്തിയത്. ഇലക്ട്രീഷ്യൻ കൂടിയായ പ്രശാന്ത് പുറത്ത് പോയിരുന്നു. പിന്നീട് വീട്ടിലേക്ക് പ്രശാന്തിനെ വിളിച്ചുവരുത്തി.
കുശലം പറയുന്നതിനിടെ തണുത്ത വെള്ളം വേണമെന്ന് പറഞ്ഞു. പ്രശാന്ത് വെള്ളമെടുക്കുന്നതിനിടെ ചുറ്റികയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. ഇടിയേറ്റ് പ്രശാന്ത് കുഴഞ്ഞുവീണതോടെ ഫെഫീഖ് വീട്ടിൽനിന്ന് കടന്നുകളഞ്ഞു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രശാന്തിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. ഇരുവരുടെയും വീടുകൾ റെയിൽവേ ലൈനിന്റെ ഇരുഭാഗങ്ങളിലാണ്. പ്രശാന്തിനെ പരിക്കേൽപ്പിച്ച് രക്ഷപ്പെടുന്നതിനിടെ ഷെഫീഖിനെ തീവണ്ടി ഇടിച്ചതാണെന്നാണ് കരുതുന്നത്. ദീർഘകാലമായി പ്രശാന്ത് വൃക്കരോഗത്തിന് ചികിത്സയിലാണ്. വിദേശത്ത് ജോലിചെയ്തിരുന്ന ഷെഫീഖ് ഏതാനുംവർഷം മുൻപാണ് നാട്ടിലെത്തിയത്. ഷെഫീഖ് കമ്പിലിൽ ഒരു കട തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഈ കടയുടെ ഇലക്ട്രിക് ജോലികൾ ചെയ്തിരുന്നത് പ്രശാന്താണ്. ശനിയാഴ്ച രാവിലെ ഇക്കാര്യം സംസാരിക്കാനാണ് പ്രശാന്തിന്റെ വീട്ടിലെത്തിയത്.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം തുടങ്ങി.
പാപ്പിനിശ്ശേരി പഴഞ്ചിറയിലെ പരേതരായ എസ്.വി.ഹംസയുടെയും പി.കെ.പി.അലീമയുടെയും മകനാണ് ഷെഫീഖ്. മക്കൾ: ജെസിബ, ആദ. സഹോദരങ്ങൾ: സുഹറ, സഫിയ, വാഹിദ, സുഹൈബ് (ഗൾഫ്), പരേതയായ നാദിയ.
Content Highlights: A 43-year-old man, Shafeeq, attacked his friend Prashanth with a hammer in Papinisseri., The attacker was later found dead on the railway tracks, likely hit by a train while fleeing., The victim, Prashanth, is currently receiving medical treatment for head injuries., Valapattanam police have launched a formal investigation into the motive behind the 2026 incident., The two were long-time friends, and the motive remains under investigation.