‘സംസാരിക്കുമ്പോൾ കിതച്ചിരുന്നു, 10 മിനിറ്റിൽ വരുമെന്ന് പറഞ്ഞു’; പ്രതികൾ ലക്ഷ്യമിട്ടത് അഭിരാമിന്റെ സുഹൃത്തിനെ?

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട അഭിരാം, പ്രതി ഉമർ
കൊല്ലപ്പെട്ട അഭിരാം, പ്രതി ഉമർ

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17 വയസ്സുകാരനായ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ ലക്ഷ്യമിട്ടിരുന്നത് അഭിരാമിനെയല്ല, അവന്റെ സുഹൃത്തിനെയായിരുന്നെന്ന് കുടുംബം പറയുന്നു. തങ്ങൾ പറയുന്ന സ്ഥലത്ത് സുഹൃത്തിനെ എത്തിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും അഭിരാം അതിനു തയ്യാറായില്ല. തുടർന്ന് അഭിരാമിനെ വായിൽ തുണിതിരുകി ക്രൂരമായി മർദിക്കുകയും കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് ആരോപണം. അനന്തയുടെ ഫോണിലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് അഭിരാമിന് സന്ദേശമയച്ച് അവിടേക്ക് വിളിച്ചുവരുത്തിയത്.

കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കുറ്റം ചെയ്തതായി ആദ്യഘട്ടംമുതൽ ഏറ്റുപറഞ്ഞ 17-കാരൻ, കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന ക്രിമിനൽ പശ്ചാത്തലമുള്ള ഉമർ, സന്ദേശമയക്കാൻ ഫോൺ നൽകിയ മണക്കാട് സ്വദേശിയായ അനന്ത എന്ന പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. അനന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് മെസേജയച്ചാണ് അഭിരാമിനെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചത്.

അതിനിടെ, പ്രായപൂർത്തിയാവാത്തതിന്റെ ആനുകൂല്യം മുന്നിൽക്കണ്ട് ശിക്ഷയിൽ ഇളവ് നേടാനാണ് ഒന്നാംപ്രതി കുറ്റം ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്ന് അഭിരാമിന്റെ പിതാവ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മകനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് നടപടി വൈകിപ്പിച്ചുവെന്നും കുടുംബവും നാട്ടുകാരും ആരോപിക്കുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിവരെ അഭിരാം വീട്ടിലുണ്ടായിരുന്നതായും പിതാവ് പറയുന്നു. വൈകുന്നേരത്തെ കല്യാണത്തിന് പോവുന്നതിനായി നാലുമണിക്ക് മുൻപ് എത്തണമെന്ന് അവനോട് ആവശ്യപ്പെട്ടിരുന്നു. നാലുമണിക്ക് വീട്ടിൽ കാണാതിരുന്നതിനെത്തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പത്തുമിനിറ്റിനുള്ളിൽ എത്തിക്കോളാമെന്ന് വളരെ വെപ്രാളത്തോടെ മറുപടിനൽകി. കിതച്ചുകൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. അക്രമികളിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അവൻ ഫോണെടുത്തതെന്നാണ് കരുതുന്നത്. പിന്നീട് പലതവണ ഫോൺ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും പിതാവ് പറയുന്നു.

രാത്രി വൈകിയും മകൻ വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ കാര്യക്ഷമമായ അന്വേഷണമുണ്ടായില്ലെന്നും പിതാവ് കുറ്റപ്പെടുത്തി. രാത്രി കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ കൃത്യമായി ചോദ്യംചെയ്യാതെ വിട്ടയച്ചത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്നും പിതാവ് പറഞ്ഞു. തുടർന്ന് ഇൻസ്റ്റഗ്രാം ചാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  അനന്തയുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് അഭിരാമിന്റെ ഇൻസ്റ്റഗ്രാമിലേക്ക് വന്ന ആ ഒരു സന്ദേശമാണ് ദുരന്തങ്ങൾക്ക് തുടക്കമിട്ടത്. പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം ഐ.ഡി.യിൽ നിന്നാണ് അഭിരാമിന് സന്ദേശം ലഭിച്ചത്. അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിശ്വസിച്ച് വീട്ടിൽനിന്ന് ഇറങ്ങിയ അഭിരാമിന് അത് മരണത്തിലേക്കുള്ള വിളിയായി മാറുകയായിരുന്നു.

പാങ്ങപ്പാറ ബസ് സ്റ്റോപ്പിൽനിന്ന് സുഹൃത്തും കൂട്ടാളിയും ചേർന്ന് പേരൂർ അങ്കണവാടിയിലേക്ക് പോകുന്ന വഴിയിലെ ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വാഴത്തോട്ടത്തിൽ വച്ചുണ്ടായ വാഗ്വാദത്തിനൊടുവിൽ ബെൽറ്റ് ഉപയോഗിച്ച് അഭിരാമിന്റെ കഴുത്ത് ഞെരിക്കുകയായിരുന്നു.

ശ്വാസംമുട്ടി വീണ് അഭിരാം ചലനമറ്റതോടെ മൃതദേഹം ചാക്കിലാക്കി തൊട്ടടുത്ത കാടുമൂടിയ പറമ്പിലെ താഴ്ചയിലേക്ക് തള്ളി കരിയിലകൾ വാരിയിട്ടു. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയശേഷം മൃതദേഹം ഇവിടെ തള്ളിയതാണോ എന്ന കാര്യത്തിലും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അഭിരാമിനെ കാണാതായതോടെ വീട്ടുകാർ നൽകിയ പരാതിയിൽ ഫോൺകോളുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ മണിക്കൂറുകൾക്കകം പ്രതികളിലേക്ക് എത്തിച്ചത്. കസ്റ്റഡിയിലായ പതിനേഴുകാരൻ കുറ്റം സമ്മതിച്ചതോടെയാണ് മൃതദേഹം കണ്ടെടുത്തത്.