ഭൂട്ടാൻ വാഹനക്കടത്ത് വഴിത്തിരിവിലേക്ക്; ഓപ്പറേഷൻ നുംഖോറിൽ അഞ്ച് പേരേ പിടികൂടി കൊച്ചി കസ്റ്റംസ്

കൊച്ചി: ഭൂട്ടാനിൽ നിന്ന് രാജ്യത്തേക്ക് കാറുകൾ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയായ ശ്രീ ബിശ്വദീപ് ദാസിനെയാണ് കൊച്ചി കസ്റ്റംസും പശ്ചിമ ബംഗാൾ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ചേർന്ന് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി അവസാനം അറസ്റ്റിലായ ബിശ്വദീപ് ദാസിനെ ജൂഡീഷ്യൽ കസ്റ്റഡിയിലേക്ക് അയക്കുകയും പിന്നീട കൊച്ചിയിലേക്ക് മാറ്റുകയും ചെയ്തു. വാഹനക്കടത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഇയാളെന്ന് സംശയിക്കുന്നു. ഒരു ഐടി കമ്പനിയിൽ സീനിയർ എഞ്ചിനീയറാണ് ബിശ്വദീപ് ദാസ്.
ബിശ്വദീപ് ദാസിനെ കൂടാതെ നാല് അസാം സ്വദേശികളും പിടിയിലായി. ദീപക് പട്ടോവാരി (57), അയൂബ് അലി (35), മുസ്തഫ അഹമ്മദ് (35), ജലാൽ മണ്ഡാൽ (31) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് ഷില്ലോങ് കസ്റ്റംസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. അസം പോലീസിന്റെ അന്വേഷണത്തിൽ, വ്യാജ രേഖകൾ ഉപയോഗിച്ച് ഇവർ 460 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ദീപക് പട്ടോവാരി അസമിലെ ഡിസ്ട്രിക് ട്രാൻസ്‌പോർട്ട് ഓഫീസറായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ്. ഇയാളെ കസ്റ്റംസ് വകുപ്പിലെയും സെൻട്രൽ ജിഎസ്ടിയിലെയും ഉദ്യോഗസ്ഥർ സംയുക്തമായാണ് ചോദ്യം ചെയ്യുന്നത്.
സിഎജി റിപ്പോർട്ട് അനുസരിച്ച്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരേ ചേസിസ്, എഞ്ചിൻ നമ്പർ എന്നിവ ഉപയോഗിച്ച് 15,849 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വിദേശ നിർമിത വാഹനങ്ങളും, കസ്റ്റംസ് തീരുവ അടയ്ക്കാതെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന് വ്യാജ രേഖകൾ ഉപയോഗിച്ച് അനധികൃതമായി രജിസ്റ്റർ ചെയ്ത ഇന്ത്യൻ നിർമ്മിത വാഹനങ്ങളും ഉൾപ്പെടുന്നു. കാറുകൾ, ലോറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന വിവിധ വാഹനക്കടത്ത് സംഘങ്ങളെയാണ് ഓപ്പറേഷൻ നുംഖോറിലൂടെ വെളിച്ചത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കഴിഞ്ഞ വർഷം സിനിമാതാരങ്ങളുടെയടക്കം 36 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ഉടമകളിൽ ഒട്ടുമിക്കവരും രേഖകൾ സമർപ്പിക്കാൻ എത്തിയില്ല. 150 മുതൽ 200 വാഹനങ്ങൾവരെ ഭൂട്ടാനിൽനിന്ന് കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിൽ 90 ശതമാനത്തിന്റെയും രേഖകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞു.
Content Highlights: First arrest in Operation Numkhor involving Bishwadeep Das., Discovery of 460 vehicles registered using forged documents in Assam., Involvement of a District Transport Officer in the smuggling racket., CAG report highlights over 15,000 vehicles with duplicate chassis/engine numbers., Multi-state joint operation involving Kochi, Shillong, and West Bengal Customs.