ഓപ്പറേഷൻ ഡൊമിനോ: അന്തർസംസ്ഥാന കൊക്കെയ്ൻ മാഫിയ ശൃംഖല തകർത്ത് എൻ.സി.ബി; വിദേശികളടക്കം 7 പേർ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
പിടിയിലായ ചിസോബ ഹെലൻ ആന്റണി, മുഫുകാരെ വിറ്റാലിസ് തദിസ്വനാഷെ, ഗുർപ്രീത് സിംഗ്, അരുൺ രാജ്കുമാർ, സിദ്ധാർത്ഥ് ദാമോർ, ഹംദാൻ അഹമ്മദ് എന്നിവർ
പിടിയിലായ ചിസോബ ഹെലൻ ആന്റണി, മുഫുകാരെ വിറ്റാലിസ് തദിസ്വനാഷെ, ഗുർപ്രീത് സിംഗ്, അരുൺ രാജ്കുമാർ, സിദ്ധാർത്ഥ് ദാമോർ, ഹംദാൻ അഹമ്മദ് എന്നിവർ

കൊച്ചി: 'ഓപ്പറേഷൻ ഡൊമിനോ'യുടെ ഭാഗമായി അന്തർസംസ്ഥാന കൊക്കെയ്ൻ കടത്ത് ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കൊച്ചി സോണൽ യൂണിറ്റ്. യുഎഇയിൽനിന്ന് നാടുകടത്തപ്പെട്ട മൂന്ന് പേരും രണ്ട് വിദേശികളും ഉൾപ്പെടെ ഏഴ് പേരാണ് എൻ.സി.ബിയുടെ പിടിയിലായത്. 16,55,000 രൂപ വിലമതിക്കുന്ന 33.1 ഗ്രാം കൊക്കെയ്ൻ ഇവരിൽനിന്ന് പിടിച്ചെടുത്തു.

മയക്കുമരുന്ന് കേസുകളിൽപ്പെട്ട് യുഎഇയിൽനിന്ന് നാടുകടത്തപ്പെട്ടവരെ കേന്ദ്രീകരിച്ച് എൻ.സി.ബി നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർന്ന് 2026 സെപ്റ്റംബർ 10-ന് കോഴിക്കോട് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽവെച്ച് പഞ്ചാബ് കപൂർത്തല സ്വദേശി ഗുർപ്രീത് സിങ്, കോഴിക്കോട് ബേപ്പൂർ സ്വദേശി ഹംദാൻ അഹമ്മദ്, അരക്കിണർ സ്വദേശി അഫ്ലഹ് പി. എന്നിവരെ 8.12 ഗ്രാം കൊക്കെയ്നുമായി എൻ.സി.ബി അറസ്റ്റ് ചെയ്തു. ഇവർ ബെംഗളൂരുവിൽ നിന്നാണ് ലഹരിവസ്തുക്കൾ വാങ്ങിയതെന്ന് സമ്മതിച്ചു.

ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10-ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രചെയ്യുകയായിരുന്ന സിദ്ധാർഥ് ദാമോർ എന്നയാളെയും എൻ.സി.ബി കസ്റ്റഡിയിലെടുത്തു. ഊട്ടിയിൽ റിസോർട്ട് ഉടമയായ ഇയാൾ കേരളത്തിലെ ഡി.ജെ പാർട്ടികളിൽ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ബെംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലിചെയ്യുന്ന തമിഴ്‌നാട് സ്വദേശിയായ അരുൺ രാജ്കുമാറാണ് ലഹരി വിതരണത്തിൽ പ്രധാന കണ്ണിയെന്ന് കണ്ടെത്തി. വിദേശികളിൽനിന്ന് കൊക്കെയ്ൻ ശേഖരിച്ച് മറ്റ് ലഹരി വിൽപനക്കാർക്കും ഉപഭോക്താക്കൾക്കും എത്തിച്ചുനൽകിയിരുന്നത് അരുൺ രാജ്കുമാറായിരുന്നു.

നൈജീരിയൻ പൗരയായ ചിസോബ ഹെലൻ ആന്റണി (സോണിയ), സിംബാബ്‌വെ പൗരൻ മുഫുകാരെ വിറ്റാലിസ് തദിസ്വനാഷെ എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേർ. സെപ്റ്റംബർ 12, 13 തീയതികളിലാണ് ബെംഗളൂരുവിൽനിന്ന് ഇവരെ എൻ.സി.ബി പിടികൂടിയത്. മെഡിക്കൽ അറ്റൻഡന്റ് വിസയിലെത്തി കഴിഞ്ഞ 10 വർഷമായി അനധികൃതമായി രാജ്യത്ത് തങ്ങിയിരുന്ന ചിസോബയുടെ പക്കൽനിന്ന് 16 ഗ്രാം കൊക്കെയ്നും സ്റ്റുഡന്റ് വിസയിലെത്തി രണ്ട് വർഷമായി അനധികൃതമായി കഴിഞ്ഞിരുന്ന മുഫുകാരെയുടെ പക്കൽനിന്ന് 8.98 ഗ്രാം കൊക്കെയ്നും എൻ.സി.ബി പിടിച്ചെടുത്തു.

സിദ്ധാർഥ് ദാമോർ, ഹംദാൻ അഹമ്മദ്, അഫ്ലഹ് എന്നിവർ മുമ്പ് യുഎഇയിൽ മയക്കുമരുന്ന് കേസിൽ തടവുശിക്ഷ അനുഭവിച്ച് നാടുകടത്തപ്പെട്ടവരാണ്. തടവുകാലത്ത് പരിചയപ്പെട്ട അഫ്ലഹ്, ഗുർപ്രീത്, സിദ്ധാർഥ് എന്നിവർ ചേർന്നാണ് പുതിയ ശൃംഖലയുണ്ടാക്കാൻ ശ്രമിച്ചത്. ശൃംഖലയുടെ ബാക്കി കണ്ണികളെ കണ്ടെത്തി തകർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എൻ.സി.ബി വ്യക്തമാക്കി. പൊതുജനങ്ങൾക്ക് ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ 'മാനസ്' ടോൾ ഫ്രീ നമ്പറായ 1933-ൽ വിളിച്ച് അറിയിക്കാമെന്നും വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻ.സി.ബി അറിയിച്ചു.

Content Highlights: NCB Kochi busted an interstate cocaine syndicate under Operation Domino in September 2026., 7 individuals including 2 foreign nationals and 3 UAE deportees were arrested., 33.1 grams of cocaine worth Rs 16,55,000 was seized during the operation., The syndicate supplied drugs to DJ parties in Kerala and operated from Bengaluru.