നോയിഡയിൽ കൊലപാതകം നടത്തി മുങ്ങി; മദ്യം കൈവശം വെച്ചതിന് ബിഹാറിൽ പിടിയിലായി

പട്ന: മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. ഇവിടെ കതിഹാറിൽവെച്ച് അഞ്ച് ലിറ്റർ മദ്യം കൈവശംവെച്ചതിനാണ് രാമൻ രാജിനെ അറസ്റ്റുചെയ്തത്. എന്നാൽ, തങ്ങൾ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നയാൾ ഉത്തർപ്രദേശിനെ നോയിഡയിൽ ഒരു കൊലപാതകം നടത്തി മുങ്ങിയ പ്രതിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു.
നോയിഡയിൽ താമസിച്ചുവന്നിരുന്ന ഫ്ളാറ്റിൽവെച്ച് വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ രാമൻ രാജ് നഗരത്തിലെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവിടെനിന്നു മുങ്ങിയ പ്രതി കതിഹാറിൽ സ്വന്തം നാട്ടിലെത്തി ഒളിച്ചു താമസിക്കുന്നതിനിടയിലാണ് മദ്യം കൈവശംവെച്ചതിന് പോലീസിന്റെ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നോയിഡയിലെ 'ബറൗള നെസ്റ്റ് റെന്റൽ പനോരമ' കെട്ടിടത്തിലെ രാമന്റെ മുറിക്കുള്ളിൽ ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് അസം സ്വദേശിയായ മെഹക് അഹമ്മദ് എന്ന പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതോടെ ഇയാൾ ഒളിവിൽപോയി.
ബി.ടെക് ബിരുദധാരിയായ രാമൻ രാജ്് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് മെഹകും താമസിച്ചിരുന്നത്. ഇരുവർക്കുമിടയിൽ സൗഹൃദമുണ്ടായിരുന്നുവെന്നും ഇവർ പതിവായി കാണാറുണ്ടായിരുന്നുവെന്നും കതിഹാർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വ്യക്തമാക്കി. മെഹകിന്റെ കൊലപാതകത്തിന് ശേഷം ഒരാഴ്ചയോളമാണ് രാജ് ഒളിവിൽ കഴിഞ്ഞത്.
പിന്നാലെ, കതിഹാർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ നയാ തോല സ്വദേശിയായ രാമൻ രാജിനെ തിരഞ്ഞ് ഒരു പോലീസ് സംഘം കതിഹാറിലുള്ള ഇയാളുടെ ജന്മനാട്ടിലേക്ക് തിരിച്ചു. എന്നാൽ, നോയിഡ പോലീസിന് രാമനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും കഴിയുന്നതിന് തൊട്ടുമുമ്പ്, തികച്ചും വ്യത്യസ്തമായ മറ്റൊരു കേസിൽ ഇയാൾ അറസ്റ്റിലായി.
മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ അഞ്ചുലിറ്റർ മദ്യം കൈവശംവെച്ച കുറ്റത്തിനാണ് കതിഹാർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Content Highlights: Raman Raj was the prime accused in the murder of Mahak Ahmed in Noida. The murder took place on the night of August 8 inside an apartment in Noida. The accused fled to his hometown in Katihar, Bihar. Katihar Police arrested him in a separate case for possessing 5 litres of liquor. Noida Police are currently securing his custody from Bihar Police.