നിലമ്പൂർ പിടിച്ചുപറിക്കേസിൽ ട്വിസ്റ്റ്: പണംതട്ടിയത് യഥാർഥ ഉടമകൾ; ആക്രമിച്ചത് ഏജന്റ് മുങ്ങാൻ ശ്രമിക്കുന്നതിനിടെ

#ന്യൂസ് ഡെസ്ക്
യുവാവിനെ ആക്രമിച്ച് പണം കവരുന്ന ദൃശ്യങ്ങൾ, മുഹമ്മദ് ഷാഫി
യുവാവിനെ ആക്രമിച്ച് പണം കവരുന്ന ദൃശ്യങ്ങൾ, മുഹമ്മദ് ഷാഫി

നിലമ്പൂർ: ബാങ്കിൽനിന്ന് പണവുമായി ഇറങ്ങുകയായിരുന്ന യുവാവിൽനിന്ന് 9,95,000 രൂപ തട്ടിപ്പറിച്ചുകടന്ന സംഭവത്തിൽ വഴിത്തിരിവ്. ഫിറോസിനെ ആക്രമിച്ച് പണം തട്ടിപ്പറിച്ചത് പണത്തിന്റെ യഥാർഥ ഉടമകളെന്ന നിഗമനത്തിലാണ് പോലീസ്. പണം കൈമാറ്റത്തിലെ ഏജന്റ് മാത്രമായിരുന്നു ഫിറോസ് എന്നും മൊത്തം പണവുമായി ഇയാൾ മുങ്ങിയേക്കുമെന്ന സംശയമാകാം അക്രമത്തിനു കാരണമായതെന്നും പോലീസ് കരുതുന്നു.

അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം കുമ്മാളി ഫിറോസിനെ ആക്രമിച്ചാണ് കഴിഞ്ഞദിവസം പണം തട്ടിയത്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണം പൊട്ടിക്കലിന്റെ മറ്റൊരു രൂപമാണ് ഇവിടെ നടന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അനധികൃത ഓൺലൈൻ വ്യാപാരത്തിലൂടെയോ മറ്റു വഴികളിലൂടെയോ നേടുന്ന പണം ഔദ്യോഗികമാക്കി മാറ്റുന്നതിനായിരിക്കാം ശ്രമം നടന്നത്.

അക്കൗണ്ടിലേയ്ക്കു നൽകുന്ന ഒരുലക്ഷം രൂപ ബാങ്കിൽനിന്ന് എടുത്തുകൊടുത്താൽ മൂവായിരം രൂപ ഫിറോസിന് കമ്മിഷൻ കിട്ടും. പണമെടുത്ത് പുറത്തുവന്ന ഇയാൾ ഉടമകളെ കണ്ടതോടെ ബാങ്കിലേക്കുതന്നെ കയറിയിരുന്നു. പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ബാങ്കിന് താഴെവെച്ച് ആക്രമണമുണ്ടായത്. പന്ത്രണ്ടോളം പ്രതികളുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്.

കേസിൽ ഒരാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. നാട്ടുകല്ല് കൊടക്കാട് സ്വദേശി പനങ്ങാട്ടുതൊടി മുഹമ്മദ്ഷാഫി(23)യെയാണ് ചൊവ്വാഴ്‌ച പുലർച്ചെ ഒരുമണിയോടെ കൊടക്കാടുള്ള വീട്ടിൽവെച്ച് പിടികൂടിയത്. ഫിറോസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് അക്രമിസംഘത്തിന് വിവരം കൈമാറിയത് ഇയാളാണെന്ന് പോലീസ് പറയുന്നു.

തിങ്കളാഴ്‌ച രാവിലെ പതിനൊന്നേമുക്കാലോടെയാണ്  നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലുള്ള ബാങ്ക് ഓഫ് ബറോഡയ്ക്ക് മുൻവശംവെച്ച് കേസിനാസ്‌പദമായ സംഭവം നടന്നത്. മുഹമ്മദ് ഷാഫിയെ നിലമ്പൂർ സി.ഐ. എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്  പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.

എസ്.ഐ. കെ.എം. അർഷിദ്, എ.എസ്.ഐ. അനീഷ്, സീനിയർ സി.പി.ഒ. അനൂപ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിെയ പിടികൂടിയത്.

Content Highlights: 9,95,000 rupees snatched from a youth named Firoz outside a bank in Nilambur., Police suspect the attackers were the rightful owners of the money and Firoz was merely an agent., Modus operandi compared to airport-style gold heists, potentially involving illegal online trading funds., One accused, Muhammad Shafi (23), arrested by the special investigation team along with a car.