'വൈകുണ്ഠ ഏകാദശിക്ക് മുമ്പ് സമാധിയിരുത്തിയാല്‍ പുണ്യം'; ദുരൂഹത ഒഴിയാതെ സിദ്ധന്‍ ഭവന്‍

നെയ്യാറ്റിൻകര: അയൽവാസികൾപോലുമറിയാതെ അച്ഛനെ സമാധിയിരുത്തിയ സംഭവത്തിൽ ദുരൂഹത മാറ്റാൻ തിങ്കളാഴ്ച സമാധിയിടം പൊളിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. ഗോപൻസ്വാമിയുടെ മരണത്തെത്തുടർന്ന് സിദ്ധൻ ഭവൻ ദുരൂഹതയുടെ കേന്ദ്രമായി നിൽക്കുകയാണ്. ഗോപൻസ്വാമിയെ മക്കൾ സമാധിയിരുത്തി അടക്കിയ കോൺക്രീറ്റ് അറയാണ് തിങ്കളാഴ്ച പോലീസ് പൊളിക്കുന്നത്. ഇതു പൊളിക്കാനായി നേരത്തെ പോലീസ് കളക്ടറുടെ അനുമതി തേടിയിരുന്നു. തുടർന്ന് ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ സമാധി പൊളിക്കാൻ പോലീസിന് കളക്ടർ നിർദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ സമാധി പൊളിച്ച് അവിടെ ഗോപൻസ്വാമിയുടെ മൃതദേഹമുണ്ടോയെന്നു പരിശോധിക്കും. തുടർന്ന് മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. ഗോപൻസ്വാമിയെ ജീവനോടെയാണോ സമാധിയിരുത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. അങ്ങനെവന്നാൽ ഗോപൻസ്വാമിയുടെ ഭാര്യ സുലോചന, മക്കളായ സനന്ദൻ, രാജസേനൻ എന്നിവർക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടിവരും. മണിയൻ എന്ന ഗോപൻസ്വാമി(69) സമാധിയായതിനെത്തുടർന്ന് പദ്മപീഠത്തിലിരുത്തി കോൺക്രീറ്റ് അറയിൽ സംസ്‌കരിച്ചെന്നാണ് മക്കൾ പോലീസിനു നൽകിയ മൊഴി. എന്നാൽ, മരണവിവരം അയൽവാസികളെപ്പോലും അറിയിക്കാത്തതിനെത്തുടർന്നാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിച്ചത്.
നാട്ടുകാരായ രണ്ടുപേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗോപൻസ്വാമിയെ കാണാനില്ലെന്നു പറഞ്ഞാണ് ഇപ്പോൾ പോലീസ് കേസ് എടുത്തിരിക്കുന്നത്. തിങ്കളാഴ്ച സമാധി തുറന്ന് മൃതദേഹം പുറത്തെടുക്കുമ്പോൾ കൂടുതൽ ജീർണിച്ചില്ലെങ്കിലേ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം നടത്തൂ. അല്ലെങ്കിൽ ഇതിനു സമീപത്തുവെച്ചുതന്നെ പോസ്റ്റ്‌മോർട്ടം നടത്തും.
സമാധി അന്ധവിശ്വാസമോ?
ഗോപൻസ്വാമി വീടിനോടുചേർന്ന് കൈലാസനാഥ മഹാദേവക്ഷേത്രം നിർമിച്ചിട്ടുണ്ട്. ഇവിടത്തെ പൂജ ഗോപൻസ്വാമിയാണ് ചെയ്തിരുന്നത്. കുറച്ചു മാസങ്ങളായി ഗോപൻസ്വാമി ചികിത്സയെത്തുടർന്ന് കിടപ്പിലാണ്. ഗോപൻസ്വാമി വർഷങ്ങൾക്കു മുൻപേ വീട്ടുവളപ്പിൽ സമാധിയിടം നിർമിച്ചിരുന്നു. ഇതിനകത്ത് പദ്മപീഠവും നിർമിച്ചു. മരിച്ചാൽ തന്നെ പദ്മപീഠത്തിലിരുത്തി സമാധിയിരുത്തണമെന്ന് മക്കളോടു നേരത്തേ വ്യക്തമാക്കിയിരുന്നതായാണ് അവർ പോലീസിനോടു മൊഴിനൽകിയത്. വെള്ളിയാഴ്ച വൈകുണ്ഠ ഏകാദശിയായിരുന്നു. അതിനു മുൻപ് സമാധിയിരുത്തിയാൽ പുണ്യം ലഭിക്കുമെന്ന വിശ്വാസം കൊണ്ടാകാം ഇത്തരത്തിൽ സമാധിയിരുത്തിയതെന്നാണ് പോലീസ് കരുതുന്നത്.
Content Highlights: Police to exhume body in Neyyattinkara after neighbors report suspicious burial