മുൻവൈരാഗ്യം: അയൽവാസിയുടെ വീടിന് പെട്രോളൊഴിച്ച് തീയിട്ടു; അക്രമി തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

#സ്വന്തം ലേഖകന്‍
തീയിട്ട വീടിന്റെ ഉൾഭാഗം
തീയിട്ട വീടിന്റെ ഉൾഭാഗം

തൊട്ടിൽപാലം (കോഴിക്കോട്): മുൻവൈരാഗ്യം തീർക്കാൻ അയൽവാസിയുടെ വീടിന് തീവെച്ചയാൾ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ചൂരണിയിലെ പുളിമൂട്ടിൽ മാത്യൂസിന്റെ വീടിനാണ് പ്രദേശവാസിയായ പഞ്ഞിക്കൽ ബിജു എന്ന കുര്യൻ (50) തീയിട്ടത്.

മാത്യൂസിന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് കുര്യൻ പെട്രോളുമായി വീട്ടിലെത്തി തീയിടുകയായിരുന്നു. പിറകുവശത്തെ വാതിൽ തുറന്ന് വീട്ടിനുള്ളിൽ കടന്ന് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നുവെന്നാണ് വിവരം. അതിനിടയിൽ കുര്യനും പൊള്ളലേറ്റു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിനുള്ളിൽനിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് വീടിന് പുറകുവശത്തായി പൊള്ളലേറ്റ നിലയിൽ കുര്യനെ കണ്ടത്. വീടിനുള്ളിൽ തീ കത്തുന്നതും കണ്ടു. നാദാപുരത്തുനിന്ന് എത്തിയ ഫയർഫോഴ്സും തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്നാണ് വീടിനുള്ളിലെ തീ അണച്ചത്.

ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് കുര്യൻ ആദ്യം നാട്ടുകാരോട് പറഞ്ഞത്. എന്നാൽ, വീട്ടുകാരോടുള്ള മുൻ വൈരാഗ്യമാണ് വീട്ടിനുള്ളിൽ കയറി തീയിടാൻ കാരണമായതെന്നും അതിനിടയിൽ പൊള്ളലേറ്റതാകാനാണ് സാധ്യതയെന്നും തൊട്ടിൽപ്പാലം പോലീസ് പറഞ്ഞു.

Content Highlights: A man named Kurian set his neighbor Mathew's house on fire in Thottilpalam, Kozhikode., The incident occurred on Thursday evening when the house was empty., Kurian sustained over 50 percent burn injuries and was admitted to Kozhikode Medical College Hospital., Police suspect personal grudge as the motive behind the attack.