നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ മരണപ്പാച്ചിൽ 140KM സ്പീഡിൽ, അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യം സുഹൃത്തിന്റെ ഫോണിൽ

#ന്യൂസ് ഡെസ്ക്
നെടുമ്പാശ്ശേരി അപകടത്തിനിടയാക്കിയ കാർ, സുഹൈൽ
നെടുമ്പാശ്ശേരി അപകടത്തിനിടയാക്കിയ കാർ, സുഹൈൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ സഞ്ചരിച്ചത് അമിത വേഗതയിലെന്ന് പോലീസ്. ഏകദേശം 140-150 കി.മീ വേഗതയിലാണ് വാഹനം സഞ്ചരിച്ചത്. അരകിലോമീറ്റർ ദൂരം 11 സെക്കന്റുകൾ കൊണ്ട് കടന്നുപോയെന്നാണ് പോലീസ് പറയുന്നത്. 120 കി.മീ വേഗതയിലാണ് സഞ്ചരിച്ചത് എന്നായിരുന്നു നേരത്തെ തെളിവെടുപ്പിനിടെ സുഹൈൽ പോലീസിനോട് പറഞ്ഞത്.

അപകടത്തിന് ഏതാനും സെക്കന്റുകൾക്ക് മുൻപാണ് സുഹൈലിന്റെ സുഹൃത്ത് ജോയൽ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. വീഡിയോയിൽ വാഹനത്തിന്റെ സ്പീഡോമീറ്റർ ദൃശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമിതവേഗതയിലാണ് വാഹനം സഞ്ചരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നത്. ജോയൽ ഈ ദൃശ്യങ്ങൾ പകർത്തി സ്‌നാപ്ചാറ്റിൽ അയച്ചിരുന്നു. ഈ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അപകടസമയത്ത് ജോയൽ, നിനവ്, അമീൻ എന്നിവരായിരുന്നു സുഹൈൽ സജീവിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്.

അപകടത്തിൽ വാഹനത്തിന്റെ വേഗതയുൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കാനായി വാഹനത്തിന്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കുന്നുണ്ട്. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരം പൊലീസിന് നൽകൂ. കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. അതിനാൽ അപകടസമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത് വൈകും. അതിനിടെയാണ് ജോയലിന്റെ ഫോണിൽനിന്നുള്ള ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, കേസിൽ പ്രതികൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ജാമ്യത്തിനായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. പോലീസ് റിപ്പോർട്ട് ലഭിച്ചശേഷം കോടതി ജാമ്യാപേക്ഷ പരിഗണിക്കും. അടുത്തയാഴ്ചയാകും ഇരുപക്ഷത്തിന്റെയും വാദം കേൾക്കുക. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിന് കത്ത് നൽകി.

Content Highlights: Police confirmed the Mini Cooper was traveling at an excessive speed of 140-150 km/h during the Nedumbassery accident., A Snapchat video recorded by friend Joel moments before the crash served as crucial evidence for the police., The vehicle's EDR is being sent to Germany for technical analysis by BMW experts., The accused have filed a bail petition in the District Principal Sessions Court after the magistrate court rejected it.