‘ഇനി അവനെ നിങ്ങൾക്ക് വിട്ടുതരില്ല’; സുഹൈലിനെ പൊതിഞ്ഞ് ബന്ധുക്കൾ, ചീറിപ്പാഞ്ഞ് കാർ; നാടകീയരംഗങ്ങൾ

കാക്കനാട് (കൊച്ചി): നെടുമ്പാശ്ശേരി വാഹനാപകടക്കേസ് പ്രതി സുഹൈൽ സജീവ് 36 ദിവസത്തിനുശേഷം ബോസ്റ്റൽ സ്കൂളിൽനിന്ന് പുറത്തിറങ്ങി. തിങ്കളാഴ്ച 2.10-ന് സുഹൈൽ പുറത്തിറങ്ങിയപ്പോൾ ബോസ്റ്റൽ സ്കൂളിനുമുന്നിൽ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ സുഹൈലിനെ ബന്ധുക്കൾ ചേർന്ന് പൊതിഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
‘‘ഇത്രയും നാളും വേട്ടയാടിയില്ലേ... ഇനി മതിയാക്ക്, ഇനി അവനെ നിങ്ങൾക്ക് വിട്ടുതരില്ല’’ എന്നിങ്ങനെ പറഞ്ഞാണ് ബന്ധുക്കൾ സുഹൈലിന്റെ മുഖം പൂർണമായി മറച്ച് കാറിൽ കയറ്റിക്കൊണ്ടുപോയത്. ദൃശ്യമാധ്യമപ്രവർത്തകരെ ബന്ധുക്കൾ തള്ളിമാറ്റിയത് ഉന്തിനും തള്ളിനുമിടയാക്കി.
ഒക്ടോബർ 11-ന്, മദ്യപിച്ച് അതിവേഗത്തിൽ സുഹൈൽ ഓടിച്ച കാറിടിച്ച് യുവതികളടക്കം മൂന്നുപേർ കൊല്ലപ്പെട്ടെന്നാണ് കേസ്. മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് സുഹൈലിന്റെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളുടെയും പേരിൽ ചുമത്തിയിട്ടുള്ളത്.
സുഹൈലിന് കഴിഞ്ഞ ആറാം തീയതി ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഡിജിറ്റൽ തെളിവ് ശേഖരണത്തിനും അന്വേഷണത്തിനും പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയതിനാൽ മോചനം പത്തുദിവസത്തേക്കുകൂടി നീട്ടുകയായിരുന്നു. കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റു പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
Content Highlights: Suhail Sajeevan released from Borstal school after 36 days., Dramatic scenes witnessed outside the school during his release., Accused in the Nedumbassery drunk driving accident that killed three people., Granted bail by the High Court after prosecution delay.