സ്വകാര്യ പ്രാക്ടീസ് മുറിയിൽ വെച്ച് വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം; സീനിയർ ഡോക്ടർ അറസ്റ്റിൽ

നെടുമങ്ങാട്: ചികിത്സയ്ക്കെത്തിയ സഹപ്രവർത്തകയായ പി.ജി. ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സീനിയർ ഡോക്ടർ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. കെ.എം. ബിനു (47)വിനെയാണ് അറസ്റ്റു ചെയ്തത്. ബിനുവിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു.
വെള്ളിയാഴ്ച 11-മണിയോടെ വനിതാ ഡോക്ടർ ശരീരത്തിലെ മുഴ പരിശോധിക്കാനെത്തിയതായിരുന്നു. ആശുപത്രിയിൽ പരിശോധിച്ചശേഷം ഡോ. ബിനു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലേക്കുവരാൻ ആവശ്യപ്പെട്ടു. 500-മീറ്റർ അകലെയുള്ള മുറിയിൽവെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി.
വനിതാ ഡോക്ടർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുമിക്ക് പരാതി നൽകി. സൂപ്രണ്ടിന്റെ നിർദേശപ്രകാരം ഗൈനക്കോളജി ഡോക്ടർ വനിതാ ഡോക്ടറെ പരിശോധിച്ചു. നെടുമങ്ങാട് പോലീസിനെ വിവരമറിയിച്ചെങ്കിലും വൈകീട്ട് ആറുമണിയായിട്ടും നടപടിയെടുക്കാൻ തയ്യാറായില്ല. പരാതിക്കാരി സ്റ്റേഷനിലെത്തി മൊഴി നൽകിയാലേ കേസെടുക്കൂവെന്നായിരുന്നു നിലപാട്. തുടർന്ന് വനിതാ ഡോക്ടർ സ്റ്റേഷനിലെത്തി മൊഴി നൽകിയതിനുശേഷമാണ് കേസെടുത്തത്.
ബിനുവിന്റെ അറസ്റ്റ് വൈകിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വെള്ളിയാഴ്ച രാത്രി പോലീസ്സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ജി.ആർ. അനിൽ എം.എൽ.എ. മന്ത്രി കെ. മുരളീധരനുമായി ബന്ധപ്പെട്ട് ഡോക്ടറെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു. രാത്രി ഒരു മണിയോടെ കുമാരപുരം ടാഗോർഗാർഡനിലെ വസതിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: Senior doctor Dr. K.M. Binu arrested for assaulting a female PG doctor in Nedumangad., Accused suspended by the Health Department following the incident., Protests erupted demanding strict action, leading to a police station gherao by DYFI., Court remanded the accused doctor after production.