ആഹാരം കഴിച്ചോയെന്ന് ചോദിക്കുന്നതുപോലും മെസേജിലൂടെ; ആസ്ട്രൽ പ്രൊജക്ഷൻ കഥ പൊളിഞ്ഞു, അച്ഛനോട് പക

തിരുവനന്തപുരം: സാഹചര്യത്തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍. ആഭിചാരക്രിയകളുടെ ഭാഗമാണെന്ന് പ്രതി ആദ്യം പറഞ്ഞിരുന്നെങ്കിലും അതിനുള്ള തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അച്ഛനോടും കുടുംബാംഗങ്ങളോടുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പിന്നീട് മനോരോഗവിദഗ്ധനോട് സമ്മതിച്ചതായും അഡ്വ. ദിലീപ് സത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ചോദ്യംചെയ്ത ആദ്യഘട്ടത്തില്‍ പ്രതി ആസ്ട്രല്‍ പ്രൊജക്ഷനോ മാനസികപ്രശ്‌നമോ സംബന്ധിച്ച തെളിവുകളോ മൊഴിയോ നല്‍കിയിരുന്നില്ല. അറസ്റ്റ് ചെയ്തദിവസവും പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ആദ്യ ഏഴുദിവസങ്ങളിലും മാനസികപ്രശ്‌നമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നില്ല. പക്ഷേ, പ്രതിക്കെതിരേ പല തെളിവുകളും ലഭിച്ചു. അറസ്റ്റ് ചെയ്തസമയത്തുതന്നെ മനോരോഗവിദഗ്ധനായ ഡോ. മോഹന്‍ റോയ് പ്രതിയെ പരിശോധിച്ചിരുന്നു. പ്രതി കുറ്റംചെയ്ത രീതി മാനസികപ്രശ്‌നമുള്ളയാള്‍ കുറ്റംചെയ്യുന്നരീതിയില്‍ അല്ലെന്ന് അദ്ദേഹവും തെളിവ് നല്‍കിയിട്ടുണ്ട്.
വാദത്തിനിടെ പ്രതി വ്യക്തമായ മറുപടികള്‍ നല്‍കി. കൃത്യംചെയ്ത സമയത്ത് താന്‍ പലയിടങ്ങളിലായി കറങ്ങിനടക്കുകയായിരുന്നെന്നും അച്ഛനും അമ്മയ്ക്കും അപകടം സംഭവിച്ചതറിഞ്ഞാണ് താന്‍ നാട്ടിലേക്ക് തിരിച്ചെത്തിയതെന്നുമാണ് പ്രതി വിചാരണയ്ക്കിടെ പറഞ്ഞിരുന്നത്. അതിനാല്‍ ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട സാഹചര്യമുണ്ടായില്ല.
അറസ്റ്റ് ചെയ്ത് ഏഴുദിവസം പ്രതിക്ക് ഒരു പ്രശ്‌നവും ഇല്ലായിരുന്നു. അതിനുശേഷമാണ് പ്രതിയില്‍നിന്ന് ചില അസ്വാഭാവിക പെരുമാറ്റമുണ്ടായത്. സഹതടവുകാരനെ ആക്രമിച്ചു. അതിനുശേഷം ചികിത്സയ്ക്കായി പോയി. ഡോക്ടറോട് പ്രതി പലതും വെളിപ്പെടുത്തി. അച്ഛനോട് വിരോധമുണ്ടെന്നും ജോലിയില്‍നിന്ന് വിരമിച്ചശേഷം അച്ഛന് അമിതമായി മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നതായും പ്രതി പറഞ്ഞു. അച്ഛന്‍ തന്നെ ശകാരിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി.
കുടുംബാംഗങ്ങളോടും പ്രതിക്ക് വിരോധമായിരുന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം കുറവായിരുന്നു. പലപ്പോഴും മെസേജുകളിലൂടെയാണ് അവര്‍ പരസ്പരം സംസാരിച്ചിരുന്നത്. ഒരുവീട്ടിലായിട്ടും ആഹാരം കഴിച്ചോ എന്നുപോലും മെസേജുകളിലൂടെയാണ് ചോദിച്ചിരുന്നത്. വീട്ടുകാരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായി പ്രതി ഡോക്ടറോട് വെളിപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
എന്നെ എന്തിനാ ഇവിടെക്കൊണ്ടുവന്നത് എന്നാണ് പ്രതി അറസ്റ്റ് ചെയ്തപ്പോള്‍ പോലീസിനോട് ചോദിച്ചത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ തെറ്റിദ്ധരിപ്പിക്കാന്‍ പറഞ്ഞതാണെന്ന് പ്രതി വെളിപ്പെടുത്തി. ആസ്ട്രല്‍ പ്രൊജക്ഷന്‍ അയാളുടെ വെറും വാദമായിരുന്നു. അത് ഇല്ലെന്ന് ഡോക്ടറോട് പ്രതി സമ്മതിച്ചു. കൊല്ലപ്പെട്ടവരുടെ തലയ്ക്ക് പുറകിലായിരുന്നു മുറിവ്. മഴു ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. ഒരാളെ തലയ്ക്ക് പിറകില്‍നിന്ന് എങ്ങനെ ആക്രമിക്കാമെന്ന വീഡിയോകള്‍ പ്രതി ഇന്റര്‍നെറ്റില്‍ കണ്ടിരുന്നു. അതിന് തെളിവുണ്ട്.
കൊലപാതകം, വീട് തീവെച്ച് നശിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കേസില്‍ പോലീസിന്റെ അന്വേഷണത്തെ അഭിനന്ദിക്കണം. സാഹചര്യത്തെളിവുകള്‍ കണ്ടെത്തല്‍ വെല്ലുവിളി നിറഞ്ഞ കേസില്‍ അസി. കമ്മീഷണര്‍ കെഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അത് കൃത്യമായി ചെയ്തു. ആ തെളിവുകള്‍ കോടതിയില്‍ നല്ലരീതിയില്‍ അവതരിപ്പിക്കുകയായിരുന്നു തന്റെ ചുമതല. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് നാളെ വാദിക്കും. ശിക്ഷ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ പറഞ്ഞു.
ആസ്ട്രല്‍ പ്രൊജക്ഷന്‍ മൊഴി അന്വേഷണത്തെ വഴിതെറ്റിക്കാന്‍...
നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയുടെ ആസ്ട്രല്‍ പ്രൊജക്ഷന്‍ മൊഴി അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമായിരുന്നുവെന്ന് നേരത്തേ മ്യൂസിയം സിഐയും നിലവില്‍ അസി. കമ്മീഷണറുമായ ദിനില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഒരുവീടിന് തീപ്പിടിച്ചെന്ന വിവരമാണ് ആദ്യം കിട്ടിയത്. വീട്ടിലെ എല്ലാവരും മരിച്ചെന്നാണ് ആദ്യം കരുതിയത്. ആരൊക്കെ അവിടെ താമസിച്ചെന്ന് അന്വേഷിച്ചപ്പോഴാണ് ഒരാള്‍ അവിടെനിന്ന് പോയെന്നവിവരം കിട്ടിയത്. അത് സംശയാസ്പദമായി. പിന്നീട് തെളിവുകള്‍ കണ്ടെത്തി. പ്രതി വെട്ടി പരിശീലിക്കാന്‍ ഉപയോഗിച്ച ഡമ്മി അടക്കം കണ്ടെത്തി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ സംബന്ധിച്ച മൊഴി അന്വേഷണത്തെ വഴിതെറ്റിക്കാനായി പ്രതി നടത്തിയ ശ്രമമായിരുന്നു. കോടതിയും അത് തള്ളിക്കളഞ്ഞു. അങ്ങനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുറ്റകൃത്യം നടത്തിയശേഷവും അയാള്‍ നടത്തിയ നീക്കങ്ങളെല്ലാം ബോധ്യത്തോടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Nanthancode Murder Case: Investigation officer and prosecutor explains about the case