ഡാൻസ് ക്ലാസിൽ പോകണം, ഭക്ഷണമുണ്ടാക്കാൻ പറ്റില്ലെന്ന് ഭാര്യ; മർദിച്ച് കൊലപ്പെടുത്തി ഭർത്താവ്

#ന്യൂസ് ഡെസ്ക്
യാമിനി
യാമിനി

നാഗ്പുർ: താൻ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലെ ഡാൻസ് ക്ലാസിൽ പങ്കെടുക്കണമെന്ന് ആ സ്ത്രീ അതിയായി ആഗ്രഹിച്ചിരുന്നു, എന്നാൽ ആ ആഗ്രഹത്തിന് അവരുടെ ജീവന്റെ വിലയുണ്ടാരുമെന്ന് അവർ സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല. മഹാരാഷ്ട്രയിലെ നാഗ്പുരിൽ, വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിന് പകരം ഡാൻസ് ക്ലാസിൽ പോകാൻ തീരുമാനിച്ച 38-കാരി ഭർത്താവിന്റെ മർദ്ദനമേറ്റ് മരിച്ചു.

യാമിനി കൃഷ്ണലാൽ എന്ന യുവതിക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രതിയായ 41-കാരൻ കൃഷ്ണലാൽ യാദവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ദമ്പതികൾക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്. വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണലാൽ തനിക്കും കുട്ടികൾക്കുമായി ഭക്ഷണം തയ്യാറാക്കാൻ യാമിനിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഹൗസിങ് സൊസൈറ്റിയിലെ ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയായിരുന്ന യാമിനി ഭക്ഷണം പാകം ചെയ്യാൻ വിസമ്മതിച്ചു.

ഇതിനെച്ചൊല്ലി ദമ്പതികൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ സമയം മദ്യലഹരിയിലായിരുന്ന കൃഷ്ണലാൽ, തന്റെ രണ്ട് മക്കളുടെയും മുന്നിൽവെച്ച് യാമിനിയുടെ കഴുത്തിലും വയറിലും ക്രൂരമായി മർദിച്ചതായി പോലീസ് പറഞ്ഞു.

മർദനത്തിനുശേഷം കഴുത്തിലും വയറ്റിലും കടുത്ത വേദന അനുഭവപ്പെട്ട യാമിനി ഭർത്താവിനോട് വേദനസംഹാരികൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. കൃഷ്ണലാൽ മെഡിക്കൽ സ്റ്റോറിൽ പോയെങ്കിലും കട അടച്ചിരുന്നതിനാൽ മരുന്ന് വാങ്ങാതെ വീട്ടിലേക്ക് മടങ്ങി. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കുകൾ കാരണം യാമിനിയുടെ വയർ വീർക്കാൻ തുടങ്ങുകയും നില കൂടുതൽ വഷളാവുകയും ചെയ്തു.

പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പോലീസ് അപകടമരണത്തിന് കേസെടുക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിലെ അസ്ഥി ഒടിഞ്ഞതായും കുടലിന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചതായും കണ്ടെത്തി. ഈ കണ്ടെത്തലുകളെ തുടർന്നാണ് പോലീസ് കൃഷ്ണലാലിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

പ്രതിക്കെതിരേ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: A 38-year-old woman named Yamini Krishnalal was allegedly killed by her husband in Nagpur after refusing to cook and choosing to attend a dance class instead. The husband, Krishnalal Yadav, was arrested and charged with murder following a violent altercation witnessed by their two children.