പ്രണയവിവാഹം, നിരന്തരകലഹം, കുഞ്ഞിനെച്ചൊല്ലി തര്‍ക്കം; വിഷ്ണുകൊലക്കേസില്‍ ഭാര്യ ഉള്‍പ്പെടെ റിമാന്‍ഡിൽ

വിഷ്ണു | Screengrab: Mathrubhumi News
വിഷ്ണു | Screengrab: Mathrubhumi News

മുതുകുളം (ആലപ്പുഴ) : ഭാര്യാവീട്ടില്‍വെച്ച് ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ വിഷ്ണു(34) മര്‍ദനമേറ്റു മരിച്ച കേസില്‍ പ്രതികളെ റിമാന്‍ഡുചെയ്തു. വിഷ്ണുവിന്റെ ഭാര്യ ആറാട്ടുപുഴ തറയില്‍ക്കടവ് തണ്ടാശ്ശേരില്‍ വീട്ടില്‍ ആതിര (31), പിതൃസഹോദരങ്ങളായ തണ്ടാശ്ശേരില്‍ ബാബുരാജ് (55), പദ്മന്‍ (53), പൊടിമോന്‍ (51) എന്നിവരെയാണ് ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡുചെയ്തത്.

ചൊവ്വാഴ്ച രാത്രി 10 മണിയോടെ വിഷ്ണുവിനെ ഇവര്‍ മര്‍ദിച്ചു കൊന്നുവെന്നാണ് കേസ്. ഒന്നര വര്‍ഷത്തോളമായി വിഷ്ണുവും ആതിരയും പിണങ്ങിക്കഴിയുകയാണ്. ഇവര്‍ക്ക് ആറുവയസ്സുള്ള കുട്ടിയുണ്ട്. അവധിദിവസങ്ങളില്‍ വിഷ്ണു കുട്ടിയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകും. ഇങ്ങനെ കൊണ്ടുപോയ കുട്ടിയെ തിരികെവിടാനെത്തിയപ്പോഴാണ് വിഷ്ണുവും ആതിരയും തമ്മില്‍ വഴക്കുണ്ടായതും തുടര്‍ന്ന്, ആതിരയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തത്. 

അച്ഛന്റെകൂടെ വീണ്ടും പോകണമെന്ന് കുട്ടി വാശി പിടിച്ചതാണ് വഴക്കിനു കാരണമായത്. തലയ്ക്കടിയേറ്റ് ബോധംപോയ വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വേദനയായി ആറുവയസ്സുകാരി

മുതുകുളം: അച്ഛന്‍ കൊല്ലപ്പെടുകയും അമ്മ റിമാന്‍ഡിലാവുകയും ചെയ്തതോടെ ഇവരുടെ മകള്‍ ആറുവയസ്സുകാരിയുടെ സങ്കടങ്ങള്‍ക്ക് അതിരില്ലാതായി.
കുട്ടിയുടെ മുന്നില്‍വെച്ചാണ് വിഷ്ണു ആക്രമിക്കപ്പെട്ടത്. കൊലപാതകത്തിനു ദൃക്‌സാക്ഷിയായ മകളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

വിഷ്ണുവും ആതിരയും തമ്മില്‍ പ്രണയവിവാഹിതരായിരുന്നു. വിഷ്ണുവിന്റെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഒടുവില്‍ സമ്മതിച്ചു. പതുക്കെപ്പതുക്കെ നിരന്തര കലഹമായി. ഇടയ്ക്കിടെ ആതിര പിണങ്ങിപ്പോകുമായിരുന്നു. കുട്ടിയെ കൂട്ടാതെയാണ് ആതിര പോയിരുന്നത്. ഒന്നരവര്‍ഷമായി രണ്ടുവീട്ടിലായാണ് ഇവര്‍ കഴിയുന്നത്. 

പോലീസ് സ്റ്റേഷനില്‍ വെച്ചുണ്ടായ തീരുമാനപ്രകാരമാണ് മകളെ ആതിര കൂട്ടിക്കൊണ്ടുപോയത്. അവധിദിവസങ്ങളില്‍ വിഷ്ണുവിനൊപ്പം വിടണമെന്നായിരുന്നു ധാരണ. ഇങ്ങനെ കൊണ്ടുപോയ മകളെ തിരികെ ഏല്‍പ്പിക്കാനാണ് ചൊവ്വാഴ്ച രാത്രി ഭാര്യാവീട്ടില്‍ വിഷ്ണു എത്തിയത്.

Content Highlights: muthukulam vishnu murder case accused including wife sent to remand