മുംബൈയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; നാല് നടിമാരെ മോചിപ്പിച്ചു, രണ്ടുപേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം | Photo: UNI
പ്രതീകാത്മക ചിത്രം | Photo: UNI

മുംബൈ:  നഗരത്തിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭസംഘം പിടിയില്‍. മുംബൈ പവായിലെ ഹോട്ടലില്‍നിന്നാണ് പെണ്‍വാണിഭസംഘത്തെ പിടികൂടിയത്. സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയ നാല് നടിമാരെയും പോലീസ് മോചിപ്പിച്ചു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലില്‍ കഴിഞ്ഞദിവസം പോലീസ് റെയ്ഡ് നടത്തിയത്. സംഘത്തിലെ പ്രധാനിയായ ശ്യാം സുന്ദര്‍ അറോറയെയും ഇയാളുടെ സഹായിയെയും പോലീസ് റെയ്ഡില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് നടിമാര്‍ ഉള്‍പ്പെടെയുള്ള യുവതികളെ പെണ്‍വാണിഭസംഘത്തില്‍ കുടുക്കിയതെന്നാണ് പോലീസ് പറയുന്നത്. 

ഹിന്ദി സീരിയലുകളിലടക്കം അഭിനയിച്ച നടിമാരെയാണ് ശ്യാം സുന്ദര്‍ അറോറ പെണ്‍വാണിഭസംഘത്തില്‍ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. 

Content Highlights: Mumbai police busted a sex trafficking ring operating from a hotel in Powai