സ്‌കൂളിന് വീഴ്ച; ഇനിയും പരിപാടികളിൽ പങ്കെടുക്കുമെന്ന് മുകേഷ്, മന്ത്രിയെ പേടിച്ച് പോകാതിരിക്കാനാവില്ല

മുകേഷ് എം. നായർ | Facebook Photo
മുകേഷ് എം. നായർ | Facebook Photo

തിരുവനന്തപുരം: സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുകേഷ് എം.നായര്‍ പങ്കെടുത്തതില്‍ സ്‌കൂളിനു വീഴ്ചപറ്റിയെന്നു കണ്ടെത്തല്‍. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. നേരിട്ടു പങ്കില്ലെങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ഒഴിയാനാവില്ല. സ്‌കൂള്‍ മുകേഷിനെ പരിപാടിയിലേക്കു ക്ഷണിച്ചില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ആരാണ് കുറ്റക്കാരെന്നോ ആര്‍ക്കെതിരേ നടപടി വേണമെന്നോ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. അതിനാല്‍ ആര്‍ക്കെതിരേ എന്തു നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച് ശുപാര്‍ശ ചെയ്യാന്‍ ഡെപ്യൂട്ടി ഡയറക്ടറോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടു.

ഉപഡയറക്ടര്‍ സ്‌കൂളിലെത്തിയാണ് കഴിഞ്ഞ ദിവസം ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തത്. സ്‌കൂള്‍ മുകേഷിനെ ക്ഷണിച്ചിരുന്നില്ലെന്നും ചടങ്ങ് സ്‌പോണ്‍സര്‍ ചെയ്ത ജെസിഐ എന്ന സംഘടനയാണ് അതിഥിയായി പങ്കെടുപ്പിച്ചതെന്നുമായിരുന്നു സ്‌കൂളിന്റെ വിശദീകരണം. പോക്‌സോ കേസ് പശ്ചാത്തലം അറിയാതെയാണ് അതിഥിയായെത്തിച്ചതെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും സംഘടന ഹെഡ്മാസ്റ്ററെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവച്ചടങ്ങിലാണ് വ്‌ളോഗര്‍കൂടിയായ മുകേഷ് മുഖ്യാതിഥിയായത്. സംഭവം വിവാദമായതോടെയാണ് അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.

മാനേജ്മെന്റ് നടപടിയെടുക്കണം- മന്ത്രി

സ്‌കൂളിന്റെ വീഴ്ചയില്‍ മാനേജ്മെന്റ് നടപടിയെടുക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റ് നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കും. എയ്ഡഡ് സ്‌കൂളിനെതിരേ നടപടി സ്വീകരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.

സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആരു പങ്കെടുത്താലും ഹെഡ്മാസ്റ്റര്‍ക്ക് ഉത്തരവാദിത്വമുണ്ട്. പോക്‌സോ കേസ് പ്രതി പങ്കെടുത്തതിനെതിരേ വലിയ പ്രതിഷേധമുണ്ട്. വ്യക്തിയെ അറിയില്ലെന്നു പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിയല്ല, കുറ്റാരോപിതന്‍ മാത്രം- മുകേഷ് എം.നായര്‍

പോക്‌സോ കേസില്‍ പ്രതിയല്ല, കുറ്റാരോപിതന്‍ മാത്രമാണെന്ന് മുകേഷ് എം.നായര്‍. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് പ്രഥമദൃഷ്ട്യാ കേസില്‍ കഴമ്പില്ലെന്നു കണ്ടാണ്. പ്രതിയാണെന്നു തെളിഞ്ഞാല്‍ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ എല്ലാം ഒഴിവാക്കുമെന്നും പത്രസമ്മേളനത്തില്‍ മുകേഷ് പറഞ്ഞു. ക്ഷണിക്കുന്ന പരിപാടികളില്‍ ഇനിയും പങ്കെടുക്കും. മന്ത്രിയെ പേടിച്ച് പരിപാടികള്‍ക്കു പോകാതിരിക്കാനാവില്ലെന്നും മുകേഷ് പറഞ്ഞു.

പുരുഷന്മാര്‍ക്ക് ജയില്‍ ഒരു വ്യാജപരാതിക്ക് അകലെയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കഞ്ചാവുകേസില്‍ പ്രതിയായ വേടന് സര്‍ക്കാര്‍ വേദിയൊരുക്കി നല്‍കി. മുകേഷിനോടു കാണിക്കുന്നതു വേര്‍തിരിവാണെന്നും രാഹുല്‍ പറഞ്ഞു.

Content Highlights: Kerala school faces criticism for inviting a POCSO case accused to its function