വായ്പാത്തർക്കത്തിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും തട്ടിക്കൊണ്ടുപോയെന്ന് പരാതി; ആയുധമാക്കി പ്രതിപക്ഷം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

തിരുപ്പതി: ഒന്നരലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയെന്ന് പരാതി. ആന്ധ്രാപ്രദേശിലെ തോത്തമ്പേട് മണ്ഡലത്തിലെ ശിവനാഥപാലം ഗ്രാമത്തിലാണ് സംഭവം. അമ്മയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഭരണകക്ഷിയായ തെലുഗുദേശം പാർട്ടിക്കെതിരേയും പോലീസിന്റെ നടപടിക്കെതിരേയും പ്രതിപക്ഷ പാർട്ടിയായ വൈഎസ്ആർ കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ആദി, ഭാര്യ മേഘമായ എന്നിവർ ഏഴുമാസം മുമ്പാണ് ശ്രീകാളഹസ്തി സ്വദേശികളായ വെങ്കടഗിരി മുനെമ്മ, പ്രസാദ്, മോഹൻ എന്നിവരുടെ കുടുംബത്തിൽനിന്ന് ഒന്നരലക്ഷം രൂപ വായ്പയെടുത്തത്. മാസം അഞ്ച് ശതമാനം പലിശ എന്ന നിരക്കിലായിരുന്നു വായ്പ്പ. മുതലും പലിശയും തിരിച്ചടയ്ക്കാൻ ആദിക്കും മേഘമായയ്ക്കും കഴിയാതായതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് അമ്മയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് കുടുംബം പറയുന്നു.

നവംബർ 11-ന് ആദി വീട്ടിലില്ലാത്ത സമയത്ത് പ്രസാദും മകൻ മോഹനും വീട്ടിലെത്തി. കുടിശ്ശികയായ പലിശയുടെ പേരിൽ മേഘമാലയെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും ഇവർ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് മേഘമാലയുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു. പോലീസിന്റെ ഇടപെടലിനെത്തുടർന്ന് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി തിരികെ എത്തിച്ചതായാണ് റിപ്പോർട്ടുകൾ.

എന്നാൽ സംഭവത്തിൽ പോലീസ് മറ്റൊരു വിശദീകരണമാണ് നൽകുന്നത്. മേഘമാല നൽകിയ പരാതിയിൽ പലിശ അടയ്ക്കാൻ സമ്മർദം ചെലുത്തിയതായി പറയുന്നുണ്ടെങ്കിലും തന്നെ ബലമായി കൊണ്ടുപോയെന്നോ തടഞ്ഞുവെച്ചെന്നോ പറഞ്ഞിട്ടില്ലെന്ന് ശനിയാഴ്ച തോത്തമ്പേട് പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിച്ച ശ്രീകാളഹസ്തി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പവനി പറഞ്ഞു.

പരാതി സ്വീകരിച്ച പോലീസ് രസീത് നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യുന്നതിനായി പ്രാദേശിക കോടതിയുടെ അനുമതിയും തേടിയിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മർദിച്ചെന്ന പരാതിയിലും പ്രത്യേകം നടപടിയെടുക്കുമെന്ന് ഡിഎസ്പി പവനി വ്യക്തമാക്കി.

അതേസമയം, തെലുഗുദേശം പാർട്ടി നയിക്കുന്ന സർക്കാർ കുടുംബങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പണം തിരിച്ചുകിട്ടാനായി കുഞ്ഞിനെപ്പോലും വീട്ടിൽനിന്ന് കൊണ്ടുപോകാൻ എങ്ങനെ കഴിയുമെന്ന് ചോദിച്ച പാർട്ടി, സംഭവത്തിൽ പോലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ചോദിച്ചു. വായ്പ തിരിച്ചുപിടിക്കുന്നതിന്റെ പേരിൽ ഇത്തരം സമ്മർദങ്ങളും നിർബന്ധിത നടപടികളും ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വൈഎസ്ആർ കോൺഗ്രസ് ആവശ്യപ്പെട്ടു.

Content Highlights: The YSRCP slammed the Andhra Pradesh government and police after a 6-month-old baby and his mother were allegedly abducted from their home over a 1.5 lakh rupee loan dispute.