പീഡനം, ഗര്‍ഭച്ഛിദ്രം; പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി, മോന്‍സന് ജീവിതാവസാനം വരെ തടവ്

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട  മോന്‍സന്‍ മാവുങ്കലിനെ ജയിലിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: വി.കെ.അജി/ മാതൃഭൂമി
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോന്‍സന്‍ മാവുങ്കലിനെ ജയിലിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: വി.കെ.അജി/ മാതൃഭൂമി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് (54) ജീവിതാവസാനംവരെ കഠിനതടവ്. 5.25 ലക്ഷം രൂപ പിഴയും അടയ്ക്കണം. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്റേതാണ് വിധി.

ഒരുവര്‍ഷത്തെ വിചാരണയ്‌ക്കൊടുവിലാണ് ശനിയാഴ്ച വിധി. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവിട്ടു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് പെണ്‍കുട്ടിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുവര്‍ഷവും രണ്ടുമാസവും കൂടുതല്‍ തടവനുഭവിക്കണം.

2019 ജൂലായിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ ചൂഷണംചെയ്ത് വാഗ്ദാനങ്ങള്‍നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്ത പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായതോടെയാണ് ചേര്‍ത്തല സ്വദേശിയായ മോന്‍സനെതിരേ പീഡനക്കേസുകള്‍ പുറത്തുവന്നത്. വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം തടവും 24 വര്‍ഷത്തെ കഠിനതടവും ശിക്ഷയായി ലഭിച്ചിട്ടുണ്ട്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി.

ശിക്ഷ വിധിച്ചത് ഒരുവര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം...

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ ഒരു വര്‍ഷം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരിയിലാണ് എറണാകുളം പോക്‌സോ കോടതി മോന്‍സനെതിരേ കുറ്റം ചുമത്തി വിചാരണ നടപടികള്‍ ആരംഭിച്ചത്. ഈ ജൂണ്‍ 13 ന് അന്തിമവാദം കേട്ടു. ശനിയാഴ്ച കേസില്‍ കോടതി വിധി പറയുകയും ചെയ്തു.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 22 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും കോടതിയില്‍ ഹാജരാക്കി. മോന്‍സന്റെ ജോലിക്കാരന്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയിരുന്നു.

കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മോന്‍സന്റെ മാനേജരായ ജോഷിക്കെതിരേ പോക്‌സോ കേസില്‍ വിചാരണ നടപടികള്‍ പെരുമ്പാവൂര്‍ അതിവേഗ കോടതിയില്‍ പുരോഗമിക്കുകയാണ്. ആ കേസില്‍ രണ്ടാം പ്രതിയാണ് മോന്‍സന്‍. ജോലിക്കാരിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസും മോന്‍സനെതിരേയുണ്ട്.

പോക്‌സോ കേസില്‍ വിചാരണ തുടങ്ങിയതിനു ശേഷം സുപ്രീംകോടതി അഭിഭാഷകനെയടക്കം നാല് അഭിഭാഷകരെയാണ് മോന്‍സന്‍ കോടതിയില്‍ കൊണ്ടുവന്നത്. വിചാരണ സമയത്ത് പല ഘട്ടങ്ങളിലും പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കങ്ങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കും കോടതി സാക്ഷ്യം വഹിച്ചു. വിചാരണയുടെ അവസാന ഘട്ടത്തില്‍ അതിജീവിതയുടെ പ്രായം തെളിയിക്കാന്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് വിളിച്ചു വരുത്തുന്നതിന് വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചു. കോടതി ഹര്‍ജി അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ മോന്‍സന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് കേസില്‍ ഒരു മാസത്തോളം സ്റ്റേ വന്നു. പിന്നീട് കേസില്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുകൂലമായി വിധി പറയുകയായിരുന്നു.

Content Highlights: monson mavunkal rape case pocso case verdict