മോഡിഫൈ ചെയ്ത കാറിൽ ചീറിപ്പാഞ്ഞു; MVD ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; സംഭവം തിരൂരിൽ

#മാതൃഭൂമി ന്യൂസ്

മലപ്പുറം: വാഹനപരിശോധനയ്ക്കിടെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ കാറിടിപ്പിക്കാൻ ശ്രമം. കഴിഞ്ഞദിവസം തിരൂർ പറവണ്ണയിലാണ് സംഭവം. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെയാണ് കാറിടിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് അമിതവേഗതയിൽ കാറിലുണ്ടായിരുന്നവർ കടന്നുകളയുകയുംചെയ്തു.

സ്‌കൂൾ യൂണിഫോം ധരിച്ച, വിദ്യാർഥികളെന്ന് കരുതുന്നവരാണ് മോഡിഫൈ ചെയ്ത കാറിലുണ്ടായിരുന്നത്. ആദ്യം തിരുനാവായയിൽവെച്ച് വാഹനപരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും ഈ വാഹനം നിർത്താതെ പോയിരുന്നു. പിന്നീട് കൊടക്കല്ല് ഭാഗത്തുവെച്ച് ഈ വാഹനം ശ്രദ്ധയിൽപ്പെട്ടപ്പോളും ഉദ്യോഗസ്ഥർ നിർത്താൻ ആവശ്യപ്പെട്ടു. പക്ഷേ, കാറിലുണ്ടായിരുന്നവർ അമിതവേഗതയിൽ കടന്നു. ഇതിനുപിന്നാലെയാണ് തിരൂർ പറവണ്ണയിൽ വാഹനം നിർത്തിയിട്ടതായി കണ്ടെത്തിയത്. തുടർന്ന് എംവിഡി ഉദ്യോഗസ്ഥൻ ജീപ്പിൽനിന്നിറങ്ങി കാറിനടുത്തേക്ക് വരുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമമുണ്ടായത്. ഉദ്യോഗസ്ഥൻ വരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ അമിതവേഗത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

കണ്ണൂർ ഇരിട്ടി രജിസ്‌ട്രേഷനിലുള്ളതാണ് മോഡിഫൈ ചെയ്ത വാഹനമെന്ന് എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റെ രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതാണ്. യൂണിഫോം ധരിച്ച വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് കരുതുന്നത്. ഇവരെ കണ്ടെത്താനായി അന്വേഷണം നടന്നുവരികയാണെന്നും എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: MVD officer attacked by modified car in Tirur, Kerala. Students suspected. Search ongoing to nab culprits. Click for details!