സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ യാത്ര, ചോദ്യം ചെയ്തവർക്കുനേരെ ആക്രമണം; നടി അന്തര ബാനർജി അറസ്റ്റിൽ

മുംബൈ: മുംബൈയിൽ ആരവല്ലി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ആർ.പി.എഫ്. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മോഡലും വെബ് സീരീസ് നടിയുമായ അന്തര ബാനർജിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽനിന്ന് സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ യാത്ര ചെയ്ത അന്തരയോട് സീറ്റ് ഒഴിയാൻ യാത്രക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഓഗസ്റ്റ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സീറ്റിൽനിന്ന് മാറാൻ നടി വിസമ്മതിച്ചതിനെത്തുടർന്ന് ടിക്കറ്റ് കളക്ടർ ഹരികേഷ് ത്രിപാഠി ആർ.പി.എഫിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ആർ.പി.എഫ്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യാമിനികാന്ത് മിശ്ര, കോൺസ്റ്റബിൾ രാജേഷ് കുമാർ എന്നിവരോട് നടി തർക്കിച്ചു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ ശേഷം കൈയിലുണ്ടായിരുന്ന റേസർ ബ്ലേഡ് ഉപയോഗിച്ച് എഎസ്ഐ യാമിനികാന്തിനെ ആക്രമിച്ചു.
ആക്രമണത്തിൽ യാമിനികാന്തിന് പരിക്കേറ്റു. ഇതിനിടെ അന്തര സ്വയം രിക്കേൽപ്പിക്കുകയും ഉദ്യോഗസ്ഥന്റെ യൂണിഫോമും മൊബൈൽ ഫോണും നശിപ്പിക്കുകയും ചെയ്തെന്നു പോലീസ് പറഞ്ഞു. ട്രെയിൻ ചില്ല് തകർത്ത് നടി രക്ഷപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ദഹാനു റെയിൽവേ സ്റ്റേഷനിൽ നടിയെ ട്രെയിനിൽനിന്ന് ഇറക്കി ഗവൺമെന്റ് റെയിൽവേ പോലീസിന് (ജിആർപി) കൈമാറുകയായിരുന്നു.
എസി കോച്ച് ടിക്കറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമത്തിലാണ് ആക്രമണം നടത്തിയതെന്ന് നടി മൊഴി നൽകിയതായി ബോറിവലി ജിആർപി ഇൻസ്പെക്ടർ കുന്ദ ഗവാഡെ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത ശേഷം മാത്രമാണ് ഇവർ ശാന്തയായതെന്നും ബന്ധുക്കളെയോ അഭിഭാഷകനെയോ ബന്ധപ്പെടാൻ നടി തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു.
Content Highlights: Model and web series actress Antara Banerjee was arrested for assaulting RPF personnel., The incident occurred on August 12 aboard the Aravalli Express between Borivali and Dahanu., She refused to vacate an AC coach seat despite holding a sleeper ticket, leading to a confrontation., She attacked ASI Yaminikant Mishra with a razor blade and damaged public property., She was handed over to the GRP at Dahanu railway station and later released on bail.