ബെംഗളൂരുവില്‍ വീണ്ടും തലപൊക്കി പിടിച്ചുപറി സംഘം; മലയാളിയുടെ മൊബൈല്‍ഫോണ്‍ തട്ടിയെടുത്തു

വസന്തനഗറിൽ മലയാളിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യത്തിൽനിന്ന്
വസന്തനഗറിൽ മലയാളിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യത്തിൽനിന്ന്

ബെംഗളൂരു: നഗരത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തുന്നവരില്‍നിന്ന് മൊബൈല്‍ ഫോണും പണവും തട്ടുന്ന സംഘങ്ങള്‍ വീണ്ടും തലപൊക്കിത്തുടങ്ങി. റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ ഇറങ്ങി ഒറ്റയ്ക്ക് നടന്നുപോകുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി ഓഫീസിലേക്ക് പോവുകയായിരുന്ന മലയാളിയുടെ മൊബൈല്‍ ഫോണ്‍ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേര്‍ തട്ടിയെടുത്തു. പിന്നാലെ ഓടിനോക്കിയെങ്കിലും സംഘം വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. മില്ലേഴ്സ് ടാങ്ക് ബണ്ട് റോഡിലായിരുന്നു സംഭവം. ഹൈഗ്രൗണ്ട് പോലീസില്‍ പരാതിനല്‍കി.

രാത്രി ഒമ്പതിനുശേഷം വിജനമാകുന്ന സ്ഥലങ്ങളിലാണ് പിടിച്ചുപറിസംഘങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതിനാല്‍ രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കേണ്ടത് അത്യാവശ്യമാണ്. പുലര്‍ച്ചെ തീവണ്ടികളിലും ബസുകളിലും വന്നിറങ്ങുന്നവരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഭവങ്ങള്‍ മുമ്പ് വ്യാപകമായിരുന്നെങ്കിലും അടുത്തകാലത്ത് ഇത്തരം സംഭവങ്ങള്‍ കുറഞ്ഞിരുന്നു.

കലാസിപാളയം, മജെസ്റ്റിക്, മഡിവാള ഭാഗങ്ങളിലായിരുന്നു കവര്‍ച്ചസംഭവങ്ങള്‍ കൂടുതല്‍. കവര്‍ച്ചയ്ക്കിരയാകുന്നവര്‍ പലരും പരാതിപ്പെടാന്‍ തയ്യാറാകാത്തത് കൊള്ളസംഘത്തിന് സഹായകമാവുകയാണ്. പോലീസില്‍ പരാതിനല്‍കിയാലും കാര്യമില്ലെന്ന ചിന്തയിലാണ് പലരും പരാതിപ്പെടാന്‍ തയ്യാറാകാത്തത്.

സുരക്ഷിതം ഓണ്‍ലൈന്‍ ടാക്സി

പുലര്‍ച്ചസമയങ്ങളില്‍ ബസ് സ്റ്റാന്‍ഡുകളില്‍നിന്നും റെയില്‍വേ സ്റ്റേഷനുകളില്‍നിന്നും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും കബളിപ്പിക്കാറുണ്ട്. വിജനമായ സ്ഥലമെത്തുമ്പോള്‍ കവര്‍ച്ചസംഘത്തിലെ ആളുകള്‍കൂടി ഓട്ടോയില്‍ കയറി യാത്രക്കാരന്റെ വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുത്ത സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്.

പുലര്‍ച്ചെ നഗരത്തില്‍ ബസ്സിറങ്ങുന്നവര്‍ ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.

ഡ്രൈവറുടെയും വാഹനത്തിന്റെയും വിവരങ്ങള്‍ യാത്രക്കാരുടെ കൈവശമുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ കവര്‍ച്ചയ്ക്ക് കൂട്ടുനില്‍ക്കാനുള്ള സാധ്യത കുറയും.

ആക്രമിച്ച് കവര്‍ച്ച

ബാനസവാടി റെയില്‍വേ സ്റ്റേഷനില്‍ എത്തി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന മലയാളിയെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി 3500 രൂപ തട്ടിയെടുത്തത് ഒരുവര്‍ഷംമുമ്പാണ്. പണം തന്നില്ലെങ്കില്‍ വെട്ടുമെന്നായിരുന്നു ഭീഷണി. മൊബൈല്‍ ഫോണ്‍ ബാഗിനുള്ളിലായിരുന്നതിനാല്‍ സംഘത്തിന്റെ കണ്ണില്‍പ്പെട്ടില്ല. 

ഒരുവര്‍ഷംമുമ്പ് കേരളത്തില്‍നിന്നുള്ള ബസില്‍ രാവിലെ ബെംഗളൂരുവിലെത്തിയ മലയാളി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം പണം കവര്‍ന്നിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ് ആക്രമണത്തിനിരയായത്. ലാല്‍ബാഗ് വെസ്റ്റ് ഗേറ്റിന് സമീപത്തായിരുന്നു സംഭവം. രാവിലെ ആറുമണിയോടെ ബസില്‍നിന്നിറങ്ങിയശേഷം കാബ് ബുക്ക് ചെയ്യുന്നതിനിടെ രണ്ടുപേര്‍ സ്‌കൂട്ടറിലെത്തി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു. അക്രമികളുടെ കൈയില്‍നിന്ന് ഫോണ്‍ തിരികെ മേടിച്ചെങ്കിലും ഒരാള്‍ കത്തിയെടുത്ത് യുവാവിന്റെ വയറ്റിലും കൈകളിലും കുത്തിയശേഷം ഫോണും കൈയിലുണ്ടായിരുന്ന ആയിരം രൂപയും തട്ടിയെടുക്കുകയായിരുന്നു. 

ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന ആചാര്യ കോളേജിലെ മലയാളി വിദ്യാര്‍ഥിയുടെ മാല പിടിച്ചുപറിച്ചതും ഏതാനും വര്‍ഷംമുമ്പാണ്. കോട്ടയം സ്വദേശിയുടെ മാലയാണ് തട്ടിപ്പറിച്ചത്.

Content Highlights: mobile phone snatching in bengaluru city