മുംബൈ കത്തിക്കുത്ത്: പ്രതിക്ക് തീവ്രചിന്താഗതി, എടിഎസും എൻഐഎയും അന്വേഷിക്കുമെന്ന് ഫഡ്നാവിസ്

മുംബൈ: മിറാ റോഡിൽ യുവാവ് സുരക്ഷാ ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യും അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രാഥമിക വിവരങ്ങളനുസരിച്ച് പ്രതിയായ യുവാവ് സ്വയം തീവ്രചിന്താഗതിയിലേക്ക് ആകൃഷ്ടനായ ആളാണെന്നാണ് മനസിലാകുന്നതെന്നും സംഭവത്തിൽ ഏതെങ്കിലും തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഏജൻസികൾ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘പുസ്തകങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ഉൾപ്പെടെയാണ് ഇത്തരം ആളുകൾ സ്വയം തീവ്രവാദചിന്താഗതിയിലേക്ക് ആകൃഷ്ടരാകുന്നത്. ഇവർ ജിഹാദിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. മിറാ റോഡിലെ സംഭവത്തിൽ അതിന്റെ എല്ലാവശങ്ങളും അന്വേഷണ ഏജൻസികൾ കണ്ടെത്തും. പ്രതി ഒറ്റയ്ക്കാണോ അതോ മറ്റേതെങ്കിലും തീവ്രവാദസംഘടനകളുടെ പിന്തുണയിലാണോ ആക്രമണം നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ ഏജൻസികൾ പരിശോധിക്കും’, മുഖ്യമന്ത്രി പറഞ്ഞു. പ്രതി കുടുംബത്തോടൊപ്പം നേരത്തേ യുഎസിലാണ് താമസിച്ചിരുന്നതെന്നും പിന്നീട് ഇയാൾ മുംബൈയിലെ കുർളയിലും താനെയിലെ നയാനഗറിലും താമസിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച വൈകിട്ടാണ് മിറാ റോഡിൽ കത്തിക്കുത്തുണ്ടായത്. 31-കാരനായ സൈബ് സുബൈർ അൻസാരി എന്നയാളാണ് സെക്യൂരിറ്റി ജീവനക്കാരായ രാജ്കുമാർ മിശ്ര, സുബ്രോതോ രമേഷ് എന്നിവരെ കുത്തിപ്പരിക്കേൽപ്പിച്ചത്. പ്രദേശത്ത് നിർമാണം നടക്കുന്ന ഒരു കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരായിരുന്നു ഇരുവരും. പ്രതിയായ സൈബ് സുബൈർ അൻസാരി പേര് ചോദിച്ചതിന് ശേഷമാണ് ഇവരെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തിൽ പ്രതിയായ സൈബ് സുബൈർ അൻസാരിയെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതിനിടെ, സൈബ് സുബൈർ അൻസാരി ഭീകരസംഘടനയായ ഐഎസിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട്ചെയ്തു. ഇയാളിൽനിന്ന് കണ്ടെടുത്ത ചില കുറിപ്പുകളിലാണ് ഇക്കാര്യങ്ങളുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Maharashtra CM Devendra Fadnavis confirms ATS and NIA involvement in the Mira Road attack investigation., Accused Saib Zubair Ansari allegedly attacked security guards after being radicalized via internet and books., The suspect expressed interest in joining ISIS according to recovered notes., The attack occurred on Monday evening at a building construction site in Mira Road., Authorities are investigating if the attacker had external support or acted as a lone wolf.