അട്ടപ്പാടിയിൽ പുലിപ്പല്ലും ചന്ദനവുമായി മൂന്നുപേർ അറസ്റ്റിൽ; പിടിയിലായവരിൽ വനംവകുപ്പ് മുൻവാച്ചറും

അഗളി: പുലിപ്പല്ലും, ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അട്ടപ്പാടി പുതൂരില്‍ വനംവകുപ്പിന്റെ പിടിയിലായി. വനംവകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്‌ലയിങ്ങ് സ്‌ക്വാഡാണ് മൂന്നുപേരെയും പിടികൂടിയത്. ബൈക്കില്‍ ചന്ദനവുമായി വന്ന മൂലക്കൊമ്പ് സ്വദേശി ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പുതൂര്‍ ചേരിയില്‍ വീട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42), മുന്‍ വനംവകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60) എന്നിവരാണ് രണ്ട് പുലിപ്പല്ലും, അഞ്ച് കിലോ ചന്ദനവുമായി പിടിയിലായത്.
ചന്ദനവും, പുലിപ്പല്ലും വാങ്ങിക്കാന്‍ എത്തിയവരെന്ന വ്യാജേന വനംവകുപ്പിന്റെ വിജിലന്‍സ് സംഘം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടു. അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി മൂലക്കൊമ്പ് സ്വദേശി ചന്ദനവുമായി വരികയായിരിന്നു. വേഷം മാറി നിന്ന ഫ്‌ലയിങ്ങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മൂലക്കൊമ്പ് സ്വദേശി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
തുടര്‍ന്ന്, പുലിപ്പല്ലുമായി അബ്ദുള്‍ സലാമും, നിയാസും സ്‌ക്വാഡിന്റെ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പുലിപ്പല്ല് മുന്‍ വാച്ചര്‍ കൃഷ്ണമൂര്‍ത്തി നല്‍കിയതാണ് എന്നറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും പിടികൂടി. മൂന്നു പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: men arrested for illegal trading of tiger tooth and sandal wood agali forest department