മേഘാലയ കൊലപാതകം; സോനത്തിന് മൂന്ന് ഫോണുകൾ, മൊബൈൽ ഡാറ്റ ഓൺ ചെയ്തത് വഴിത്തിരിവായി

സോനം കൊല്ലപ്പെട്ട ഭര്‍ത്താവ് രാജ രഘുവംശി, കാമുകന്‍ രജ് കുശ്‌വാഹ
സോനം കൊല്ലപ്പെട്ട ഭര്‍ത്താവ് രാജ രഘുവംശി, കാമുകന്‍ രജ് കുശ്‌വാഹ

ന്യൂഡൽഹി: മേഘാലയിൽ മധുവിധുയാത്രയ്ക്കിടെ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതി വാട്‌സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കാൻ മൊബൈൽ ഡാറ്റ ഓൺ ചെയ്തത് സുപ്രധാന വഴിത്തിരിവായതായി പോലീസ്. ഇൻഡോറിലെത്തിയ ശേഷം സോനം സിം കാർഡ് ആക്ടിവേറ്റ് ചെയ്യുകയും വാട്‌സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കാൻ ഡാറ്റ ഓൺ ചെയ്യുകയുമായിരുന്നു. ഇത് കേസിൽ നിർണായകമായതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഇൻഡോർ സ്വദേശിയായ സോനവും കാമുകനെന്ന് പറയപ്പെടുന്ന രാജ് കുശ്വാഹയും ചേർന്ന് മൂന്ന് വാടക കൊലയാളികളുടെ സഹായത്തോടെ രാജാ രഘുവംശിയെന്ന യുവാവിനെ മേഘാലയിൽ മധുവിധു യാത്രയ്ക്കിടയിൽ കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികൾക്ക് നാല് മൊബൈൽ ഫോണുകളുണ്ടായിരുന്നു. രാജാ രഘുവംശിയെ കൊലപ്പെടുത്തിയ ശേഷം, സോനം ഇയാളുടെ ഫോൺ തല്ലിത്തകർക്കുകയും വലിച്ചെറിയുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. സോനത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് മൂന്ന് മൊബൈൽ ഫോണുകൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അവയ്ക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിന് ശേഷം തന്റെ ഫോണിന് എന്തു സംഭവിച്ചു എന്ന് സോനം വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് പോലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഫോണുകൾക്കായുള്ള തിരച്ചിൽ ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും വിവിധ ജില്ലകളിലും പുരോഗമിക്കുകയാണ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) കുറ്റകൃത്യം നടന്ന മൗലഖിയത്ത് മുതൽ വെയ് സൗദോങ് വെള്ളച്ചാട്ടത്തിലെ പാർക്കിങ് ഏരിയ വരെയുള്ള പ്രദേശങ്ങളിലെത്തി അന്വേഷണം നടത്തി. 

പ്രതികൾ രണ്ടു വെട്ടുകത്തികൾ ഉപയോ​ഗിച്ചതായും രണ്ടാമത്തെ കത്തിക്കായി തിരച്ചിൽ പുരോ​ഗമിക്കുകയാണെന്നും ഈസ്റ്റ് ഖാസി ഹിൽസ് പോലീസ് സൂപ്രണ്ട് വിവേക് ​​സിയെം പറഞ്ഞു. സോനം കുറ്റം സമ്മതിച്ചതായും മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതകത്തിന് 16 ദിവസത്തിനുശേഷം യുപിയിലെ ഗാസിപുരിൽനിന്നാണ് സോനം പോലീസിനു കീഴടങ്ങിയത്. സോനം കീഴടങ്ങും മുൻപ് പ്രതി ഭാര്യയാണെന്നതിനെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിരുന്നു. രാജ്, ആകാശ് രാജ്പുത്, വിശാൽ സിങ് ചൗഹാൻ എന്നിവരാണ് സോനത്തെ കൊലപാതകത്തിനു സഹായിച്ചത്. കൊലപാതകത്തിനുമുൻപ് മൂവർക്കുമൊപ്പം സോനത്തെ കണ്ടിരുന്നെന്നും പോലീസ് വ്യക്തമാക്കി. മേയ് 11-നായിരുന്നു ഇരുവരുടെയും വിവാഹം. 20-നാണ് മധുവിധുവിനായി മേഘാലയയിലെത്തിത്. വാടകക്കൊലയാളികൾ 21-ന് ഗുവാഹാട്ടിയിലെത്തി. അവിടെനിന്ന് ആയുധം വാങ്ങി 23-നാണ് കൊലപാതകം നടത്തിയത്.

മോഷ്ടാക്കൾ ആക്രമിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് സോനം ആദ്യം പോലീസിനെ അറിയിച്ചിരുന്നത്. പിന്നീടുനടന്ന അന്വേഷണത്തിലാണ് ഭാര്യ വാടകക്കൊലയാളികളുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. 

Content Highlights: wife`s mobile data usage after husband`s murder in Meghalaya during their honeymoon helped police