ഭാര്യയുമായി തർക്കം; ദേഹത്ത് പെട്രോളൊഴിച്ച് ഭർത്താവിന്റെ ഭീഷണി, മുറി പൂട്ടിയിരുന്നത് രണ്ടര മണിക്കൂർ

മരങ്ങാട്ടുപിള്ളി: കുടുംബവഴക്കിനെത്തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച ഭർത്താവ് വീട്ടിൽ കഴിഞ്ഞത് രണ്ടരമണിക്കൂർ. പോലീസും അഗ്നി-രക്ഷാസേന ഉദ്യോഗസ്ഥരും നടത്തിയ അനുനയ സംഭാഷണത്തിനൊടുവിലാണ് ഇയാൾ കതക് തുറന്നത്.
ഇടുക്കി ചെറുതോണി സ്വദേശി ലിജേഷ് (41) ആണ് ദേഹത്ത് പെട്രോൾ ഒഴിച്ച് വീട്ടിലെ മുറിപൂട്ടി ഇരുന്നത്. കുറിച്ചിത്താനം കുന്നങ്കിയിൽ ഇയാൾ സകുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന്, മരങ്ങാട്ടുപിള്ളി പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അവിടെവെച്ച് പ്രശ്നം ഒത്തുതീർപ്പാക്കി.
എന്നാൽ, ചൊവ്വാഴ്ച രാവിലെ 8.30-ഓടെ ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി. തുടർന്ന് ലിജേഷ് മുറിയിൽ കയറി അകത്തുനിന്ന് വാതിൽ പൂട്ടി. കരുതിവെച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നാണ് മരങ്ങാട്ടുപിള്ളി പോലീസും പാലായിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയത്.
ലിജേഷ് പുറത്തുവന്നപ്പോൾ പോലീസ് സാന്നിധ്യത്തിൽ കുളിപ്പിച്ചു. മരങ്ങാട്ടുപിള്ളി പോലീസ് തുടർനടപടി സ്വീകരിച്ചു.