അജ്ഞാതസംഘം കാറിൽ തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി; പരാതിയില്ലെന്ന് പ്രതികരണം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മഞ്ചേരി: മാതാവിന്റെ വീട്ടിലേക്ക് കാറിൽ പോകുമ്പോൾ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ സംഘം തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി.

കാവനൂർ ചെങ്ങര അവുഞ്ഞിപ്പുറവൻ മുഹമ്മദ് അൽഫയാദാണ് (25) തിങ്കളാഴ്ച വൈകീട്ട് ആറോടെ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അൽഫയാദിനെ മഞ്ചേരി-കിഴിശ്ശേരി റോഡിൽ പൂക്കൊളത്തൂരിൽ വെച്ച് നാലംഗസംഘം കാറിൽനിന്ന് പിടിച്ചിറക്കി തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയ സംഘം തന്നെ കക്കാടംപൊയിലിലും മറ്റും കൊണ്ടുപോയി തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മഞ്ചേരി കാരാപറമ്പിൽ ഇറക്കിവിട്ടുവെന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ഒരു വക്കീലിനൊപ്പമാണ് അൽഫയാദ് പോലീസ് സ്റ്റേഷനിൽ എത്തിയത്.

സംഭവത്തിൽ തനിക്ക് പരാതിയൊന്നും ഇല്ലെന്നും ഇയാൾ പോലീസിനെ അറിയിച്ചു. എന്നാൽ തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ഇയാൾ വ്യക്തമാക്കിയിട്ടില്ല. പോലീസ് ഇയാളെ ചോദ്യംചെയ്തുവരികയാണ്. ചോദ്യംചെയ്യലിനോട് അൽഫയാദ് സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോകലിനു പിന്നിൽ പരസ്പരം ബന്ധമുള്ള സംഘമാകാമെന്നാണ് പോലീസിന്റെ നിഗമനം. അൽഫയാദിനെ തട്ടിക്കൊണ്ടുപോയെന്ന സഹോദരന്റെ പരാതിയിൽ പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ നാടകീയമായ തിരിച്ചുവരവ്.

Content Highlights: 25-year-old Muhammed Alfayad returned safely to Manjeri police station., The victim was abducted by a four-member gang in Pookolathur on Saturday night., Alfayad claims he was released in Karaparamba; currently, he is not cooperating with police., Police suspect internal gang rivalry behind the abduction incident., Investigation remains ongoing despite the victim's lack of formal complaint.