ഫെയ്‌സ്ബുക്കിൽ മോശം കമന്റിട്ടയാളെ മർദിച്ചു; യു.എ. ലത്തീഫ് എംഎൽഎയുടെ മകനടക്കം ആറുപേർക്കെതിരേ കേസ്

#ന്യൂസ് ഡെസ്ക്
സംഭവത്തിന്റെ സിസിടിവി ദൃശ്യം
സംഭവത്തിന്റെ സിസിടിവി ദൃശ്യം

മഞ്ചേരി: യു.എ. ലത്തീഫ് എം.എൽ.എ.യുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അസഭ്യവാക്കുകൾ ഉപയോഗിച്ച് കമന്റിട്ട യുവാവിന് മർദനമേറ്റ സംഭവത്തിൽ എം.എൽ.എ.യുടെ മകൻ ഉൾപ്പെടെ ആറ് ആളുകളുടെ പേരിൽ കേസ്.

മഞ്ചേരി മുള്ളമ്പാറ കൂളിയോടൻ ലത്തീഫിന്റെ പരാതിയിൽ എം.എൽ.എ.യുടെ മകൻ യു.എ. അമീർ, സുഹൃത്തുക്കളായ ഹാരിസ്, ശിഹാബ്, നിസാർ, സിറാജ്, ടി.എം. ശിഹാബ് എന്നിവരുടെ പേരിലാണ് മഞ്ചേരി പോലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.40-നായിരുന്നു കേസിനാസ്പദമായ സംഭവം.

മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി. റോഡുകളുടെ വികസനത്തിനായി കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 34 കോടി രൂപ ചെലവഴിച്ചതായി അവകാശപ്പെട്ട്, എം.എൽ.എ. ഫെയ്സ്ബുക്കിൽ പോസ്റ്റ്ചെയ്തിരുന്നു. ഇതിനുതാഴെയാണ് ലത്തീഫ് മോശം വാക്കുകളിൽ കമന്റിട്ടത്. ഇതു ചോദ്യംചെയ്യാൻ അമീറും സംഘവും ലത്തീഫിന്റെ മുള്ളമ്പാറയിലെ കടയിലെത്തി. ഇവിടെവെച്ച് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായി. പ്രതികൾ തന്റെ കടയിലേക്ക് അതിക്രമിച്ചുകയറി വടികൊണ്ട് മർദിച്ചും കാലുകൊണ്ട് ചവിട്ടിയും പരിക്കേൽപ്പിക്കുകയും കടയ്ക്ക് നാശംവരുത്തുകയുംചെയ്‌തെന്നാണ് ലത്തീഫിന്റെ മൊഴി.

പ്രതികളിലൊരാളായ നിസാറിന്റെ പരാതിയിൽ ലത്തീഫിനെതിരേയും പോലീസ് കേസെടുത്തു. എം.എൽ.എ.യുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ മോശം കമന്റിട്ടത് ചോദ്യംചെയ്തതിലുള്ള വിരോധം കാരണം, സുഹൃത്ത് അമീറിനുനേരേ പ്രതി കത്തിവീശുകയും തടയാൻചെന്ന തന്നെ കത്തിവീശി വയറിന് മുറിവേൽപ്പിക്കുകയും ചെയ്തുവെന്ന് നിസാറിന്റെ പരാതിയിൽ പറയുന്നു.

Content Highlights: Six people including the MLA's son booked by Manjeri police., Incident sparked by a critical Facebook comment on development works., Cross-complaints filed by both parties involved in the altercation., Physical assault and property damage reported at the victim's shop.