7 ആഴ്ച ഗർഭിണി, മരണത്തോട് മല്ലിട്ട് 54 ദിവസം; സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം

ചണ്ടിഗഢ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായിരുന്ന മൻജീത് കൗർ എന്ന 28-കാരിയെ തട്ടിക്കൊണ്ടുപോയി തീകൊളുത്തിക്കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണസമയത്ത് മൻജീത് ഏകദേശം ഏഴ് ആഴ്ചയോളം ഗർഭിണി ആയിരുന്നെന്ന് ദേശീയമാധ്യമങ്ങൾ പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
പൊള്ളലേറ്റ് ഗുരുതര നിലയിലായിരുന്ന മൻജീത് ഓഗസ്റ്റ് 26-ാം തീയതിയാണ് പിജിഐഎംഇആറിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ചണ്ഡിഗഢിൽനിന്ന് ജൂലൈ മൂന്നാം തീയതിയാണ് രണ്ടംഗസംഘം ഇവരെ കാറിൽ തട്ടിക്കൊണ്ടുപോയത്. മൊറിൻഡയിൽ എത്തിച്ച ഇവരെ ഉപദ്രവിക്കുകയും പിന്നീട് മൾബറി മരത്തിൽ കെട്ടിയിട്ടശേഷം തീകൊളുത്തുകയായിരുന്നു. വിവാഹിതയും ഏഴ് വയസ്സുകാരന്റെ അമ്മയുമായ മൻജീത്, മുൻ ഭർത്താവിനൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
തീകൊളുത്തപ്പെട്ട മൻജീതിനെ സ്ഥലത്തെത്തിയ അവരുടെ ഒരു സുഹൃത്താണ് തീയണച്ച് രക്ഷിച്ച് മൊറിൻഡയിലെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിഡിഐഎംഇആറിലേക്ക് ജൂലൈ മാസം ഒൻപതാം തീയതി മാറ്റുകയായിരുന്നു. പൊള്ളലേറ്റ് 54 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മൻജീത് മരണത്തിന് കീഴടങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റവാളികൾ എന്ന് സംശയിക്കുന്ന ശുഭി, പിന്ദ എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചണ്ഡിഗഢ് പോലീസ്. മൻജീത് കൗറിന്റെ അമ്മയുടെ പരാതിയിലാണ് പോലീസ് അന്വേഷണം. മൻജീതിനെ എന്തിന് തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തിയെന്നുമുള്ള കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlights: 28-year-old social media influencer Manjit Kaur was seven weeks pregnant at the time of her death., She was abducted from Chandigarh and set on fire tied to a mulberry tree in Morinda., She succumbed to burns on August 26 after 54 days of treatment., Police are actively searching for suspects named Shubhi and Pinda based on her mother's complaint.