കോവിഡ് വാക്‌സിന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചു; ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ അജ്ഞാതന്‍ കുത്തിവെച്ചു

റാന്നി (പത്തനംതിട്ട): അജ്ഞാതയുവാവ്, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് കുത്തിവെപ്പെടുപ്പിച്ചു. ആരോഗ്യവകുപ്പോ പഞ്ചായത്തധികൃതരോ ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ, സ്ത്രീ റാന്നി പോലീസിൽ പരാതി നൽകി.
ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. യുവാവിന്റെ സി.സി.ടി.വി.ദൃശ്യം അടിസ്ഥാനമാക്കി പോലീസ് അന്വേഷണമാരംഭിച്ചു.
ഉതിമൂട് വലിയകലുങ്കിന് സമീപം ചരിവുകാലായിൽ ചിന്നമ്മ(60)യെയാണ് കുത്തിവെച്ചത്. കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ്, കടമ്മനിട്ട സ്വദേശിയാണെന്ന് പരിചയപ്പെടുത്തി എത്തിയ യുവാവ് കുത്തിവെച്ചത്.
അയൽപക്കക്കാർ മുഖേന സംഭവമറിഞ്ഞ റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് ആരോഗ്യവകുപ്പിലടക്കം അന്വേഷിച്ചെങ്കിലും, ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായി.
തുടർന്ന്, ആരോഗ്യവകുപ്പിൽനിന്ന് ജീവനക്കാർ ചിന്നമ്മയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു. വൈകീട്ട് ഇവർ പോലീസിൽ പരാതി നൽകി. തുടർന്ന് ആശുപത്രിയിലും എത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് റാന്നി പോലീസ് പറഞ്ഞു.
Content Highlights: man misled and injects woman in ranni